Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരണനിര്‍വഹണമല്ല, നീതി...

ഭരണനിര്‍വഹണമല്ല, നീതി നടപ്പാക്കലാണ് ന്യായാധിപന്‍െറ ബാധ്യത -ജസ്റ്റിസ് കുര്യന്‍ ജോസഫ്

text_fields
bookmark_border
ഭരണനിര്‍വഹണമല്ല, നീതി നടപ്പാക്കലാണ് ന്യായാധിപന്‍െറ ബാധ്യത -ജസ്റ്റിസ് കുര്യന്‍ ജോസഫ്
cancel

കോഴിക്കോട്:  ഭരണനിര്‍വഹണമടക്കമുള്ള കാര്യങ്ങളല്ല, നീതിനിര്‍വഹണമാണ് ന്യായാധിപന്‍െറ ബാധ്യതയെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കോഴിക്കോട്ട് നടത്തിയ ‘നിയമമേഖലയും ജുഡീഷ്യറിയും നേരിടുന്ന സമകാലിക പ്രശ്നങ്ങള്‍’എന്ന ഏകദിന സെമിനാറില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു  അദ്ദേഹം.

രാഷ്ട്രീയമായ കാര്യങ്ങള്‍ അതിനായി ഭരണഘടന ചുമതലപ്പെടുത്തിയവരാണ് നോക്കേണ്ടത്.  ജഡ്ജിമാര്‍ ജോലിചെയ്യുമ്പോള്‍ തങ്ങള്‍ കോടതിയിലിരിക്കുകയാണെന്ന ബോധ്യത്തോടെ പെരുമാറണം. മാധ്യമങ്ങള്‍ക്കും കാമറക്കും മുന്നിലാണെന്ന് കരുതരുത്. ബ്രേക്കിങ് ന്യൂസ് അവരുടെ മനസ്സിലുണ്ടാവരുത്. വിധിന്യായത്തിലൂടെയാണ് ന്യായാധിപന്മാര്‍ സംസാരിക്കേണ്ടത്. അവരുടെ അഭിപ്രായങ്ങള്‍ തങ്ങളുടെ മുന്നിലുള്ള കേസിനെപ്പറ്റിയും അതിന്‍െറ കാര്യങ്ങളെപ്പറ്റിയും മാത്രമാകണം. ന്യായാധിപന്മാര്‍ കോടതിയില്‍ വ്യക്തിപരമായ അഭിപ്രായം പറഞ്ഞാല്‍തന്നെ മാധ്യമങ്ങള്‍ അതൊഴിവാക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭരണഘടനയോടുള്ള ഉത്തരവാദിത്തം  കൂടിയാണത്. മാധ്യമവിചാരണ ജനങ്ങളുടെ അവകാശം തന്നെയെങ്കിലും അത് അനവസരത്തിലാകുന്നതിനെയാണ് എതിര്‍ക്കേണ്ടത്.

ജഡ്ജിമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഒന്നുരണ്ട് തവണ ഒഴിവാക്കിയാല്‍ പിന്നെ പറയില്ല. കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ മാധ്യമവിചാരണ കോടതിയലക്ഷ്യമാണ്. ജഡ്ജിമാരും മനുഷ്യരാണെന്നും അവരും സമ്മര്‍ദത്തിനടിപ്പെടുമെന്നും ഓര്‍മവേണം. മാധ്യമങ്ങള്‍ വധശിക്ഷ വിധിച്ച പ്രതിയെ ഇനിയെന്തു ചെയ്യുമെന്ന് ന്യായാധിപന്‍ ശങ്കിക്കുന്നത് സ്വാഭാവികം. ന്യായാധിപന്മാര്‍ക്ക് വിധിപറയാന്‍ ചുരുങ്ങിയത് ഒരുമാസവും പരമാവധി മൂന്നുമാസവും നല്‍കുകയും ആ സമയം മറ്റ് കേസുകളില്‍നിന്ന് അവരെ ഒഴിവാക്കുകയും വേണം –ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.ജനങ്ങള്‍ക്ക് നീതിവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ ജനാധിപത്യത്തിന്‍െറ എല്ലാ തൂണുകളും തകര്‍ന്നുവീഴുമെന്ന് പരിപാടി ഉദ്ഘാടനം പെയ്ത ഹൈകോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു. ജുഡീഷ്യറിയുടെ അന്തസ്സും ധാര്‍മികതയും കാത്തുസൂക്ഷിക്കപ്പെടണം.  

നിയമപഠനം വിദ്യാഭ്യാസ കരിക്കുലത്തില്‍ നിര്‍ബന്ധമാക്കണം.  നിയമപരിജ്ഞാനം രാഷ്ട്രത്തിന്‍െറ നിക്ഷേപമാണ്. ആഗോളവത്കരണത്തിന്‍െറ കലഘട്ടത്തില്‍ ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് നിയമങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇവയൊന്നും നമ്മുടെ ലോ കോളജില്‍ പഠിപ്പിക്കുന്നില്ല.  ഈ സ്ഥിതി മാറിയേ തീരൂ -അദ്ദേഹം പറഞ്ഞു. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ആര്‍.കെ.പി. ശങ്കര്‍ദാസ് അധ്യക്ഷത വഹിച്ചു. ഹൈകോടതി അഡ്വക്കറ്റ്സ് അസോ. പ്രസിഡന്‍റും അസി. സോളിസിറ്റര്‍ ജനറലുമായ ജോണ്‍ വര്‍ഗീസ്, അസോസിയേഷന്‍ നിയുക്ത പ്രസിഡന്‍റ് അഡ്വ. കെ.എന്‍. ഭട്ട്, അസോ. എക്സി. വൈസ് പ്രസിഡന്‍റ് പ്രശാന്ത് കുമാര്‍, സെമിനാര്‍ കണ്‍വീനര്‍ കെ.എ. ദേവരാജന്‍, ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് വി.കെ. മോഹനന്‍, അസോ. ജനറല്‍ സെക്രട്ടറി രചന ശ്രീവാസ്തവ തുടങ്ങിയവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story