അവധിയെടുക്കാതെ കലാമിന് ആദരം
text_fieldsതിരുവനന്തപുരം: അന്തരിച്ച മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന് ആദരം അര്‍പ്പിച്ചുകൊണ്ട് സംസ്ഥാനത്തെ ചില സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കുന്നു. തന്‍െറ നിര്യാണത്തില്‍ ആദരമര്‍പ്പിക്കേണ്ടത് ഒരു ദിവസം കൂടി പ്രവര്‍ത്തിയെടുത്തുകൊണ്ടാകണമെന്ന കലാമിന്‍െറ ആഗ്രഹം നിറവേറ്റുകയാണ് ഇതിലൂടെ സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍.
തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ഓഫീസ്, ചലച്ചിത്ര അക്കാദമി, കുടുംബശ്രീ ഓഫീസ് തുടങ്ങിയ ഒട്ടുമിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇന്ന് തുറന്നു പ്രവര്‍ത്തിച്ചു. തിരുവനന്തപുരം കലക്ടറേറ്റ്, നഗരസഭ ഓഫീസുകള്‍ക്ക് അവധിയായിരുന്നു. എന്നാല്‍ അടുത്ത രണ്ടാം ശനിയാഴ്ച പ്രവൃത്തിദിവസമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് നഗരസഭാ അധ്യക്ഷ അറിയിച്ചു.
എറണാകുളം ജില്ലാ കലക്ടറേറ്റില്‍ ജലസേചന വകുപ്പിന്‍െറയും കുടുംബശ്രീയുടെയും ഉള്‍പ്പെടെയുള്ള ഓഫീസുകളാണ് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയും പ്രവര്‍ത്തനനിരതമാണ്. കക്ഷികളുടേയും അഭിഭാഷകരുടേയും സൗകര്യം പരിഗണിച്ച് കേസുകള്‍ പരിഗണനക്കെടുക്കുന്നില്ളെങ്കിലും കെട്ടിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഈ ദിവസം വിനിയോഗിക്കുകയെന്ന് ജീവനക്കാര്‍ പറഞ്ഞു.
കാസര്‍ഗോഡ് ഗ്രാമപഞ്ചായത്തും ഇന്ന് തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകള്‍ ഒഴികെയുള്ള എല്ലാ ജോലികളും ഇന്ന് നടത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പാലക്കാട് നഗരസഭയും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
ആലപ്പുഴയില്‍ കലക്ടറേറ്റ് ഉള്‍പ്പടെ നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. കലക്ടറേറ്റില്‍ എണ്‍പതു ശതമാനത്തോളം ഹാജരുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.