വാളകം സംഭവം: പിള്ളക്കെതിരെ വി.എസിന്‍െറ കത്ത്
text_fieldsതിരുവനന്തപുരം: വാളകം ആര്‍.വി.എച്ച്.എസ്.എസിലെ അധ്യാപക ദമ്പതികളായ ആര്‍. കൃഷ്ണകുമാറിനെയും കെ.ആര്‍. ഗീതയെയും സ്കൂള്‍ മാനേജര്‍ ആര്‍. ബാലകൃഷ്ണപിള്ള ദ്രോഹിക്കുന്ന വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. സ്കൂളിലെ പ്രധാന അധ്യാപിക കെ.ആര്‍. ഗീതക്കും ഭര്‍ത്താവും അധ്യാപകനുമായ ആര്‍. കൃഷ്ണകുമാറിനും എതിരായ നടപടികളില്‍ ഇടപെട്ട് അവരുടെ ജോലി ഉറപ്പുവരുത്താനും കുടുംബത്തിന് സംരക്ഷണം നല്‍കാനും മുഖ്യമന്ത്രി നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അകാരണമായി സസ്പെന്‍ഡ് ചെയ്ത ഗീതയെ 14 ദിവസത്തിനകം തിരിച്ചെടുക്കണമെന്ന് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പാലിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കാനും ബാലകൃഷ്ണപിള്ള തയാറായിട്ടില്ല. ഇപ്പോള്‍ കൃഷ്ണകുമാറിന്‍െറ ബിരുദം വ്യാജമാണെന്ന കള്ളക്കഥയുണ്ടാക്കി അദ്ദേഹത്തിന് മെമ്മോ നല്‍കിയിരിക്കുകയാണ്. പിള്ളതന്നെയാണ് 1992ല്‍ കൃഷ്ണകുമാറിനെ അധ്യാപകനായി നിയമിച്ചത്. 2011ല്‍ കൃഷ്ണകുമാറിന്‍െറ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി മാനേജറുടെ ഒത്താശയോടെ വിജിലന്‍സില്‍ പരാതി നല്‍കി. എന്നാല്‍, വിജിലന്‍സ് അന്വേഷണത്തില്‍ കൃഷ്ണകുമാറിന്‍െറ സര്‍ട്ടിഫിക്കറ്റ് കുറ്റമറ്റതാണെന്ന് ബോധ്യപ്പെട്ടതാണ്. ഇപ്പോള്‍ വീണ്ടും വ്യാജ പരാതി ഉന്നയിച്ച് അധ്യാപകനെയും കുടുംബത്തെയും ദ്രോഹിക്കുകയാണെന്നും കത്തില്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.