ഉടുമ്പന്‍ചോലയില്‍ പുല്‍മേടുകള്‍ക്കും പട്ടയം
text_fieldsതിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോലയില്‍ പുല്‍മേടുകള്‍ക്കുവരെ പട്ടയം നല്‍കാനുള്ള ഉത്തരവ് വ്യാഴാഴ്ച റവന്യൂ വകുപ്പ് പുറത്തിറക്കി. പുല്‍മേടുകള്‍ക്കും കരിങ്കാടുകള്‍ക്കും തരിശ് ഭൂമിക്കും പട്ടയം നല്‍കാനാണ് ഉത്തരവിലുള്ളത്.
ഉടുമ്പന്‍ചോലയില്‍ പട്ടയം നല്‍കാന്‍ കേന്ദ്ര സര്‍ക്കാറില്‍നിന്ന് അനുമതി ലഭിച്ച 20884 ഹെക്ടര്‍ ഭൂമിയില്‍ തരിശ്, പുല്‍മേട്, കരിങ്കാട്, സംരക്ഷിത വനം എന്നിവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇടുക്കി കലക്ടര്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കലക്ടര്‍ ചൂണ്ടിക്കാണിച്ച ഭൂമി കേന്ദ്രസര്‍ക്കാറിന് നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടതായതിനാല്‍ പട്ടയം നല്‍കുന്നതില്‍ തെറ്റില്ളെന്നായിരുന്നു ലാന്‍ഡ് റവന്യൂ കമീഷണറുടെ റിപ്പോര്‍ട്ട്. ഇതോടെയാണ് ഭൂമിക്ക് പട്ടയം നല്‍കാന്‍ റവന്യൂ സെക്രട്ടറി ഡോ. ബിശ്വാസ് മത്തേ ഉത്തരവിറക്കിയത്.
ഇടുക്കിയില്‍ 2005 വരെ കുടിയേറ്റം നടത്തിയവര്‍ക്ക് പട്ടയം നല്‍കാനുള്ള ഉത്തരവ് വിവാദമായപ്പോള്‍, സി.എച്ച്.ആര്‍ ഭൂമി കൈവശമുള്ള കര്‍ഷകര്‍ക്ക് നാല് ഏക്കര്‍ വീതം നല്‍കാന്‍ പ്രത്യേക ചട്ടപ്രകാരം കേന്ദ്രം അനുമതി നല്‍കിയെന്ന് മന്ത്രി കെ.എം. മാണി ബുധനാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റവന്യൂ വകുപ്പിന്‍െറ ഉത്തരവ് പുറത്തിറങ്ങിയത്.
28000 ഹെക്ടര്‍ ഭൂമിയുടെ കേസ് വര്‍ഷങ്ങളായി സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നു. ഇതിന് ഇപ്പോള്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടെന്നാണ് മന്ത്രി അറിയിച്ചിരുന്നത്.
അതേസമയം, റവന്യൂ വകുപ്പിന്‍െറ നീക്കം ക്വാറി മാഫിയയെ സഹായിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കൃഷിഭൂമിക്ക് പട്ടയം നല്‍കാനുള്ള കേന്ദ്രാനുമതിയുടെ മറവിലാണ് ഈ നീക്കമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.