അമരാവതിയിലെ റവന്യൂ ഭൂമി കൈയ്യേറി കുടില്‍ കെട്ടി; ചര്‍ച്ചക്കുശേഷം പൊളിച്ചുനീക്കി
text_fieldsമുണ്ടക്കയം: ഭൂരഹിത കേരളം പദ്ധതിപ്രകാരം അനുവദിച്ച സ്ഥലത്ത് അടിസ്ഥാന സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് പതിമൂന്നോളം കുടുംബങ്ങള്‍ മുണ്ടക്കയം അമരാവതിയിലെ റവന്യൂ ഭൂമി കൈയേറി കുടില്‍കെട്ടി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഭൂമി കൈയേറി കുടില്‍കെട്ടി താമസിച്ചത്. ഉച്ചക്ക് പന്ത്രണ്ടോടെ കാഞ്ഞിരപ്പള്ളി തഹസില്‍ദാറിന്‍െറ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ താല്‍ക്കാലിക പരിഹാരമുണ്ടാക്കി കൈയേറ്റക്കാര്‍ തന്നെ കുടിലുകള്‍ പൊളിച്ചുനീക്കി സ്ഥലം ഒഴിഞ്ഞുനല്‍കി. കോരുത്തോട് വില്ളേജിലെ മടുക്ക ചകിരിമേട്ടില്‍ ഭൂരഹിതകേരളം പദ്ധതിയില്‍ മൂന്നു സെന്‍റ് വീതം സ്ഥലം ലഭിച്ച കുടുംബങ്ങളാണ് പ്രതിഷേധവുമായി രംഗത്തത്തെിയത്.
സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ജീവിക്കാനാവില്ളെന്ന് വ്യക്തമാക്കിയാണ് സ്ഥലം ഉപേക്ഷിച്ച് അമരാവതിയിലത്തെി കുടില്‍ കെട്ടിയത്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: 2013ലാണ് 56 പേര്‍ക്ക് മടുക്ക മുകളില്‍ മൂന്നു സെന്‍റ് വീതം സ്ഥലത്തിന്‍െറ കൈവശാവകാശം നല്‍കിയത്. കാടുപിടിച്ച് കിടന്ന സ്ഥലം വെട്ടിത്തെളിച്ചായിരുന്നു റവന്യൂ അധികാരികള്‍ സ്ഥലം വീതംവെച്ചുനല്‍കിയത്. എന്നാല്‍, ഇവിടെ താമസിക്കാനത്തെിയ കുടുംബങ്ങള്‍ കുടിലുകള്‍ കെട്ടി താമസമാക്കിയെങ്കിലും അടിസ്ഥാനസൗകര്യം ഇല്ലാത്തതിനാല്‍ വാടക വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മടങ്ങി.
മടുക്കയിലെ ഇടിവെട്ടും പാറയെന്നറിയപ്പെടുന്ന ഇവിടെ ഇടിമിന്നല്‍ മൂലം നിരവധിയപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുടിക്കാനും മറ്റു പ്രാഥമികാവശ്യത്തിനും വെള്ളത്തിന് കിലോമീറ്ററുകള്‍ പോകണം. കുളിക്കാനും തുണിയലക്കാനും പ്രായമായ സ്ത്രീകളടക്കമുള്ളവര്‍ മടുക്ക ജങ്ഷനില്‍നിന്ന് ബസിലാണ് പോയിരുന്നത്. അല്ളെങ്കില്‍ പ്രതിദിനം 160ഓളം രൂപ മുടക്കി ടാക്സിയില്‍ വെള്ളം കൊണ്ടുവരുമായിരുന്നു. പാമ്പിന്‍െറ ശല്യംമൂലം ജീവിക്കാനാകാത്ത സാഹചര്യത്തിലാണ് താമസം മാറ്റിയതെന്നും ഇവര്‍ പറഞ്ഞു.
നിരവധി തവണ അധികാരികളെ വിവരമറിയിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് അമരാവതിയിലത്തെി സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറി കുടിലുകള്‍ സ്ഥാപിച്ചതെന്നും ഇവര്‍ പറയുന്നു.
അമരാവതി-പുഞ്ചവയല്‍ പാതയോരത്തുള്ള സര്‍ക്കാര്‍ ഭൂമി 17 പേര്‍ക്ക് മൂന്നു സെന്‍റ് വീതം ഭൂരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ റവന്യൂ വിഭാഗം അളന്നുതിരിച്ചിരുന്നു. ഇതോടെ സമീപവാസികള്‍ കോളനി വരാതിരിക്കുന്നതിനായി കോടതിയെ സമീപിച്ച് റവന്യൂ വകുപ്പിന്‍െറ തീരുമാനത്തിനെതിരെ സ്റ്റേ വാങ്ങുകയും ജില്ലാ പഞ്ചായത്ത് ഇവിടെ 20 ലക്ഷം രൂപ മുടക്കില്‍ കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിന്‍െറ പ്രാഥമികനടപടി പൂര്‍ത്തീകരിച്ച് വരികയായിരുന്നു. ഇതിന്‍െറ സ്റ്റേ കാലാവധി അവസാനിച്ചതോടെയാണ് ഇവിടെ 13 കുടുംബങ്ങള്‍ കൈയേറി കുടില്‍വെച്ചത്.
പുഞ്ചവയല്‍ 504 പള്ളിപ്പറമ്പില്‍ മറിയ മാത്യു (62), വണ്ടന്‍പതാല്‍ പുതുപ്പറമ്പില്‍ സരോജിനി (60), വണ്ടന്‍പതാല്‍ നിരപ്പേല്‍ ലൈല (55), വണ്ടന്‍പതാല്‍ ഇല്ലിക്കല്‍ രത്തിന അമ്മാള്‍ (65), അമരാവതി പുളിഞ്ചുവട്ടില്‍ സുനില്‍ (41), പുത്തന്‍ചന്ത തേക്കിന്‍ കാട്ടില്‍ ലാലു(39), പുത്തന്‍ചന്ത കുന്നുംപുറത്ത് സല്‍മ അക്ബര്‍ സാലി (55), അമരാവതി കരുമാങ്കുളത്ത് വിജയമ്മ ഗോപാലന്‍, പുലിക്കുന്ന് കുഴിപ്പറമ്പില്‍ വിജയമ്മ പുരുഷോത്തമന്‍, കരിനിലം കല്ലുക്കുന്നേല്‍ മോഹന്‍ദാസ്, പുത്തന്‍ചന്ത പുതുപ്പറമ്പില്‍ പി.പി. സലിം, ചെന്നാപ്പാറ കല്ലുവരപ്പറമ്പില്‍ ജനാര്‍ദനന്‍ (62), ചെന്നാപ്പാറ ഗീത സദനത്തില്‍ എന്‍.ജി. രവി എന്നിവരാണ് കുടുംബാംഗങ്ങളോടൊത്ത് ഇവിടെയത്തെി അടുപ്പുകൂട്ടി ഭക്ഷണം പാകംചെയ്ത് താമസിച്ചത്. വിവരം അറിഞ്ഞ് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ കെ.പി. ഹരിദാസ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. ജയചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിനിമോള്‍ തടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ റവന്യൂ സംഘം സമരക്കാരുടെ പ്രതിനിധികളുമായി സംസാരിച്ച് ചൊവ്വാഴ്ച രാവിലെ ശബരിമല അവലോകനത്തിനത്തെുന്ന ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ എന്നിവരുമായി ചര്‍ച്ച നടത്താന്‍ സൗകര്യമൊരുക്കാമെന്ന് ഉറപ്പുനല്‍കുകയുമായിരുന്നു.
ഇത് സമ്മതിച്ച സമരക്കാര്‍ ഉച്ചക്ക് ഒന്നേകാലോടെ കുടിലുകള്‍ പൊളിച്ചുനീക്കി. അഡീഷനല്‍ തഹസില്‍ദാര്‍ കെ.ആര്‍. രാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേന്ദ്രന്‍, എരുമേലി വടക്ക് വില്ളേജ് ഓഫിസര്‍ മീനമ്മ ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. രാജു, വിനോദ് കൈതമറ്റം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.