ഭൂപരിഷ്കരണ നിയമം: ഭൂപരിധി ഇളവിന് കര്‍ശന നിയന്ത്രണം
text_fieldsതിരുവനന്തപുരം: ഭൂപരിഷ്കരണനിയമത്തിലെ ഭൂപരിധി ഇളവ് അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു ഏക്കറിന്‍െറ ഇളവ് ലഭിക്കാന്‍ ഇനി പത്ത് കോടിയുടെ നിക്ഷേപവും 20 തൊഴിലവസരങ്ങളും വേണം. ഇളവ് വാങ്ങി, ഭൂപരിധിയായ 15 ഏക്കറില്‍ കൂടുതല്‍ തരപ്പെടുത്തിയശേഷം ദുരുപയോഗം ചെയ്യുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നത് തടയാനാണ് കര്‍ശന വ്യവസ്ഥ കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15 ഏക്കറിന് മുകളിലുള്ളതെല്ലാം മിച്ചഭൂമിയായി കണ്ടുകെട്ടുന്നതാണ് നിലവിലുള്ള നിയമം. അതില്‍ കൂടുതല്‍ ഭൂമിയുള്ള വ്യവസായശാലകളും ഇതര സ്ഥാപനങ്ങളും സര്‍ക്കാറിന്‍െറ ഇളവോടെയാണ് പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്ത് ഭൂമിയുടെ ലഭ്യത കുറയുകയും ഭൂമിയുടെ മേലുള്ള സമ്മര്‍ദം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. നിക്ഷേപവും പുതിയ തൊഴില്‍ അവസരങ്ങളും ആവശ്യമാണ്. എന്നാല്‍, 50 ഏക്കറിന് വരെ ഇളവ് വാങ്ങിയശേഷം ചെറിയ നിക്ഷേപവും കുറച്ചുപേര്‍ക്ക് തൊഴിലും നല്‍കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല.
വ്യവസായം, ഐ.ടി, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകള്‍ക്ക് ഇളവ് പ്രയോജനപ്പെടുത്താം. പക്ഷേ, ദുര്‍വിനിയോഗം അനുവദിക്കില്ല. നിക്ഷേപവും തൊഴിലവസരവും നിബന്ധനയാക്കിയതിനാല്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ദുരുപയോഗം ചെയ്യാനാകില്ല. നിലവില്‍ 15 ഏക്കറിന് മുകളിലുള്ളവര്‍ ഇളവ് വാങ്ങിയവരാണ്. നേരത്തേ ഇളവ് വാങ്ങി ഭൂമി തരപ്പെടുത്തി ഉപയോഗിക്കാതിരിക്കുന്നവരുടെ കാര്യത്തില്‍ ഇപ്പോള്‍ നടപടിയില്ല. ഇനിയുള്ള ഇളവുകള്‍ക്ക് ആദ്യം ബാധകമാക്കിയശേഷം നേരത്തേ കൊടുത്തവരിലേക്ക് വരും. തൃപ്തികരമായ പദ്ധതി വന്നാല്‍ ഇളവനുവദിക്കാനുള്ള അധികാരം സര്‍ക്കാറിനുണ്ട്. എന്നാല്‍, പ്ളാന്‍േറഷനുകള്‍ക്ക് ഇളവ് അനുവദിക്കുകയോ ഇതിന്‍െറ പ്രയോജനം ലഭിക്കുകയോ ചെയ്യില്ല.
പഴയതുപോലെ പൊതുമേഖലക്ക് 500 ഏക്കര്‍ വരെ അനുവദിക്കാന്‍ കഴിയില്ല. പി.പി.പി ഉള്‍പ്പെടെയുള്ള മുഴുവന്‍ പദ്ധതികള്‍ക്കും നിയന്ത്രണം ബാധകമാണ്. എന്നാല്‍, പാലക്കാട് ഐ.ഐ.ടി പോലുള്ള കേന്ദ്രപദ്ധതികള്‍ക്ക് പരിധി ബാധകമാക്കാനാവില്ല. പദ്ധതിക്കായി 500 ഏക്കറാണ് അവര്‍ ആവശ്യപ്പെട്ടത്. ഇവിടെ 5000 കോടിയുടെ നിക്ഷേപവും പതിനായിരം പേര്‍ക്ക് തൊഴില്‍ അവസരവും ഉണ്ടാവില്ല. അത്തരം പദ്ധതികള്‍ക്ക് ഇളവ് നല്‍കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.