ഉമ്മൻചാണ്ടിക്ക് എന്ത് അയോഗ്യതയാണുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കണം -പിണറായി
text_fieldsതിരുവനന്തപുരം: ആർ. ശങ്കറിന്‍റെ പ്രതിമാ അനാച്ഛാദന ചടങ്ങിൽ നിന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മാറ്റി നിർത്താൻ അയോഗ്യത തെളിയിക്കുന്ന എന്ത് തെളിവാണ് കേന്ദ്ര സർക്കാറിന് ലഭിച്ചതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിയെ അയിത്തം കൽപിച്ച് മാറ്റിനിർത്തുന്ന പ്രധാനമന്ത്രി മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിലെ പ്രതിയുമായാണ് വേദി പങ്കിടുന്നത്. ഉമ്മൻ ചാണ്ടി കേരളത്തെ അപമാനിക്കുമ്പോൾ വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുന്നു. ഇത്തരം ഹീനമായ കളികൾക്ക് ശ്രീനാരായണ ഗുരുവിന്റെ പേരും പാരമ്പര്യവും ഉപയോഗിക്കുന്ന വെള്ളാപ്പള്ളിയെ തുറന്നു കാട്ടാനും വെള്ളാപ്പള്ളിയുടെ മറവിൽ വർഗീയ അജണ്ട നടപ്പാക്കുന്ന ആർ എസ് എസിനെ ഒറ്റപ്പെടുത്താനും ശ്രീനാരയണീയർ മുന്നിൽ നിൽക്കണമെന്നും പിണറായി വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യാണ് ശങ്കർ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ഔദ്യോഗികമായി കത്തയച്ചത്. ആ ക്ഷണപ്രകാരം കേരളത്തിൽ എത്തുന്ന മോദി അതേ മുഖ്യമന്ത്രി തന്നോടൊപ്പം വേദി പങ്കിടേണ്ടതില്ല എന്നു തീരുമാനിച്ചതിനു പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യാണ് ശങ്കർ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ഔദ്യോഗികമായി കത്തയച്ചത്. ആ ക്ഷണപ്രകാരം കേരളത്തിൽ എത്തുന്ന മോഡി അതേ മുഖ്യമന്ത്രി തന്നോടൊപ്പം വേദി പങ്കിടേണ്ടതില്ല എന്നു തീരുമാനിച്ചതിനു പിന്നിലെ കാരണം എന്താണ്? ഉമ്മൻ ചാണ്ടിയുടെ അയോഗ്യത തെളിയിക്കുന്ന രഹസ്യമായ എന്തു തെളിവാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത് എന്ന് അറിയാൻ ജനങ്ങൾക്കാകെ ആഗ്രഹമുണ്ട്. മുഖ്യമന്ത്രിയെ അയിത്തം കൽപിച്ച് മാറ്റിനിർത്തുന്ന പ്രധാനമന്ത്രി മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിലെ പ്രതിയുമായാണ് വേദി പങ്കിടുന്നത്. ഉമ്മൻ ചാണ്ടി കേരളത്തെ അപമാനിക്കുമ്പോൾ വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുന്നു. ഇത്തരം ഹീനമായ കളികൾക്ക് ശ്രീനാരായണ ഗുരുവിന്റെ പേരും പാരമ്പര്യവും ഉപയോഗിക്കുന്ന വെള്ളാപ്പള്ളിയെ തുറന്നു കാട്ടാനും വെള്ളാപ്പള്ളിയു.ടെ മറവിൽ വർഗീയ അജണ്ട നടപ്പാക്കുന്ന ആർ എസ് എസിനെ ഒറ്റപ്പെടുത്താനും ശ്രീനാരയണീയർ മുന്നിൽ നിൽക്കണം. വെള്ളാപ്പള്ളിയുടെ വർഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ യഥാവിധി നിയമ നടപടി എടുക്കാതെ ഒളിച്ചുകളിച്ച യുഡിഎഫ് സർക്കാരിന്റെ ദൗർബല്യമാണ് ഈ ദുരവസ്ഥ സൃഷ്ടിച്ചത്. വർഗീയതയ്ക്കും അതിന്റെ കുടിലതകൾക്കും വിനീതവിധേയമായി കീഴടങ്ങിയതിന്റെ കൂലിയാണ് ഉമ്മൻ ചാണ്ടിക്ക് കിട്ടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.