ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമെന്ന് സ്വാമി പ്രകാശാനന്ദ
text_fieldsകോഴിക്കോട്: സ്വാമി ശാശ്വതീകാനന്ദയെ കൊന്നതുതന്നെയെന്ന് ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദ. നെറ്റിയിൽ ഇടിക്കട്ട കൊണ്ട് ഇടിച്ച് പുഴയിൽ വീഴ്ത്തിയെന്ന് തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
നെറ്റിയിൽ ഇതിനു സമാനമായ പാട് ഉണ്ടായിരുന്നു. മൃതദേഹം തിരയുന്ന സമയത്ത് ഒരാൾ മറുകരയിലേക്ക് നീന്തിപ്പോകുന്നത് കണ്ടു. പുഴയോട് ചേർന്ന കൽക്കെട്ടിനുള്ളിൽ നിന്ന് മൃതദേഹം കിട്ടിയതിലും ദുരൂഹതയുണ്ട്. ഇക്കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചാൽ പറയുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ശാശ്വതീകാനന്ദയുടേത് അപമൃത്യുവാണെന്ന് സ്വാമി പ്രകാശാനന്ദ പ്രതികരിച്ചത്.
ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ഗൗരിയമ്മയുടെ പ്രസ്താവന ശരിയാകാമെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് നേരത്തെയും സ്വാമി പ്രകാശാനന്ദ പറഞ്ഞിരുന്നു. മൃതദേഹം കണ്ടപ്പോള്‍ സ്വാഭാവിക മരണമല്ലെന്ന് മനസ്സിലായി. ശാശ്വതീകാനന്ദയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കമ്പുകൊണ്ട് കുത്തി കരക്കടുപ്പിച്ചപ്പോള്‍ ഉണ്ടായ മുറിവാണെന്നാണ് ലഭിച്ച വിവരം. എന്നാല്‍ മുറിവ് അങ്ങനെ ഉണ്ടായതല്ലെന്ന് ഉറപ്പുണ്ടെന്നും പ്രകാശാനന്ദ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.