ഹർത്താൽ നിയന്ത്രണ നിയമത്തിന് മന്ത്രിസഭയുടെ അനുമതി
text_fieldsതിരുവനന്തപുരം: ഹർത്താൽ നടത്തുന്നതു നിയന്ത്രിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും കേരള ഹർത്താൽ നിയന്ത്രണ നിയമത്തിന്‍റെ കരട് നവംബർ 30ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. ഹർത്താൽ ദിനത്തിൽ ബലമായി കടകൾ അടപ്പിക്കുകയോ വാഹനയാത്ര തടസപ്പെടുത്തുകയോ ജോലിക്ക് ഹാജരാകുന്നവരെ തടയുകയോ ചെയ്താൽ ആറുമാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമായിരിക്കും. ആശുപത്രി, ഹോട്ടൽ, വിദ്യാഭ്യാസ സ്ഥാപനം, പെട്രോൾ പമ്പുകൾ എന്നിവ സന്ദർശിക്കുന്നതിൽ നിന്ന് വ്യക്തികളെ തടഞ്ഞാലും സമാനമായ ശിക്ഷ ലഭിക്കും.
മിന്നൽ ഹർത്താൽ പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ. മാധ്യമങ്ങൾ മുഖേന മൂന്ന് ദിവസത്തെ പൊതു അറിയിപ്പ് നൽകി മാത്രമേ ഹർത്താൽ നടത്താൻ പാടുള്ളൂ. ആശുപത്രികൾ, ഹെൽത്ത് ക്ലിനിക്കുകൾ, മെഡിക്കൽ ഷോപ്പുകൾ, ഫാർമസി എന്നിവയും പാൽ, പത്രം, മീൻ, ജലം, ആഹാരം എന്നിവയുടെ വിതരണവും ആംബുലൻസുകൾ, ആശുപത്രി വാഹനങ്ങൾ എന്നിവയുടെ പ്രവർത്തനവും തടയാൻ പാടില്ല.
ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകാനായി ഹർത്താൽ നടത്തുന്നവർ മുൻകൂർ തുക ഈടായി നിക്ഷേപിക്കണം. ബലപ്രയോഗമോ ശാരീരികമോ മാനസികമോ ആയ ഭീഷണിയോ അടിച്ചേൽപ്പിക്കലോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ധർമസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെയോ സേവനങ്ങളുടെയോ പ്രവർത്തനം തടസപ്പെടുത്തരുത്. ജീവനും സ്വത്തിനും ഭീഷണിയോ ആശങ്കയോ അപകടമോ നാശനഷ്ടമോ ഉണ്ടാക്കരുത്. ക്രമസമാധാനം ഭംഗപ്പെടുത്താനും ഇടവരുത്തരുത്.
വ്യവസ്ഥകൾക്ക് വിരുദ്ധമായി ഹർത്താൽ നടത്തുവർക്ക് ആറുമാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ നൽകും. വ്യക്തികൾക്ക് വേണ്ട സംരക്ഷണം പൊലീസും മറ്റ് ഏജൻസികളും നൽകണം. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് പതിനായിരം രൂപ വരെ പിഴ നൽകും. ആക്റ്റ് പ്രകാരം ഉത്തമവിശ്വാസത്തിൽ ചെയ്ത പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ആർക്കെതിരെയും നിയമനടപടികളോ ശിക്ഷകളോ പാടില്ലെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.
നിയമസഭാ സമ്മേളനം നവംബർ 30ന്
നിയമസഭാ സമ്മേളനം നവംബർ 30ന് ചേരാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നെല്ല് സംഭരണവില 21.50 രൂപ
നെല്ല് സംഭരണത്തിനുള്ള തുക കിലോക്ക് 19.00 രൂപയിൽ നിന്നും 21.50 രൂപയാക്കി. നേരത്തേ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരുന്നെങ്കിലും തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നതിനാലാണ് ഉത്തരവ് വൈകിയത്. ഈ സീസണിൽ നെല്ലെടുക്കാൻ തുടങ്ങിയ അന്നുമുതൽ പ്രാബല്യമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.