കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യമുയര്‍ന്നു
text_fieldsതിരുവനന്തപുരം: തദ്ദേശീയ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യവും ഉയര്‍ന്നു. തൊലിപ്പുറത്തെ ചികിത്സകൊണ്ട് മാത്രം കാര്യമില്ളെന്നും ആഴത്തിലുള്ള ചികിത്സയാണ് വേണ്ടതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നേതൃമാറ്റം ആണോ ഉന്നയിക്കുന്നതെന്ന ചോദ്യത്തിന് അതെല്ലാം ഹൈകമാന്‍റ് ആണ് തീരുമാനിക്കേണ്ടതെന്നായിരുന്നു മറുപടി. ഇതേസമയം, നേതൃമാറ്റം ആവശ്യമില്ളെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും മത്സരിച്ചത് മുഖ്യമന്ത്രിയല്ളെന്നും അദ്ദേഹം പ്രതികരിച്ചു. ബാര്‍കോഴ കേസില്‍ പ്രതിയായ മന്ത്രി കെ.എം. മാണിയെ രാജിവെപ്പിക്കാതിരുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം കരുതുന്നത്. കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ പാര്‍ട്ടി ജയിച്ചതിനാല്‍ മാണിയോട് ഇനി രാജിവെക്കാന്‍ ആവശ്യപ്പെടാന്‍ പറ്റാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. യു.ഡി.എഫിന് വന്‍ തകര്‍ച്ച നേരിട്ടപ്പോള്‍ പാലായിലെ വിജയം ഉയര്‍ത്തിക്കാട്ടിയാണ് മാണി പ്രതികരിച്ചത്. കേരളമെന്നാല്‍ പാലാ അല്ളെന്ന് ടി.എന്‍. പ്രതാപന്‍ അല്ളെന്ന് ഇതിന് മറുപടിയും നല്‍കി. മാണിയെ സംരക്ഷിക്കാന്‍ നിന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സര്‍ക്കാറിനെക്കുറിച്ചുള്ള വിലയിരുത്തലാണ് തദ്ദേശ വിധിയെന്ന് മുഖ്യമന്ത്രി മുന്‍കൂട്ടി പറഞ്ഞിരുന്നു. ജനവിധി മാനിച്ച് ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നും രമേശ് ചെന്നിത്തലയെ നിയമസഭാ കക്ഷി നേതാവാക്കണമെന്നും ഐ ഗ്രൂപ്പ് ഉപശാലകളില്‍ ആവശ്യമുയരുന്നുണ്ട്. എന്നാല്‍, തല്‍ക്കാലം രാജിയില്ളെന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടി. വരും ദിവസങ്ങളില്‍ നേതൃമാറ്റ ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായി ഉയരുമെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.