ചേർത്തലയിലേത് അപകട മരണമല്ല; കൊലപാതകമെന്ന് പൊലീസ്
text_fieldsആലപ്പുഴ: ചേർത്തല തുറവൂരിനടുത്ത് രണ്ട് പെയിൻറിങ് തൊഴിലാളികൾ ടിപ്പർ ലോറി തട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. ബൈക്കിൽ സഞ്ചരിച്ചിരുന്ന സുബിൻ (27), ജോൺസൺ (40) എന്നിവരെ മുൻവൈരാഗ്യത്തിൻെറ പേരിൽ ലോറിയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ലോറി ഡ്രൈവർ ഷിബു (38) ഉൾപ്പെടെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിബുവിനെ വെള്ളിയാഴ്ച രാത്രി പൊലീസ് ചോദ്യം ചെയ്തിരുന്നു. ലോറിയിൽ ഡ്രൈവറെ കൂടാതെ മറ്റു നാലുപേരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് സുബിനോടുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
2005ൽ കണിച്ചുക്കുളങ്ങരയിൽ നടന്ന കൊലപാതകത്തിന് സമാനമായ സംഭവമാണ് ചേർത്തയിൽ നടന്നതെന്ന് പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ജോൺസണും സുബിനും സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ഇരുവരുടെയും തലക്ക് ഗുരുതരമായി പരിക്ക് പറ്റി. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഇരുവരും മരിക്കുകയായിരുന്നു. ഇടിച്ചശേഷം നിർത്താതെ പോയ ലോറി കുത്തിയതോട് സി.ഐ കെ.ആർ മനോജിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബൈക്കിൽ ഇടിച്ചതിന് ശേഷം അമിതവേഗതയിൽ പോയ ലോറി പള്ളിത്തോട് വെച്ച് ഒരു കാറിൻെറ പിന്നിലും ഇടിച്ചു. അവിടെയും നിർത്താതെ ലോറി പോവുകയായിരുന്നു.
എട്ടു കിലോമീറ്റർ പിന്നിട്ട ശേഷമാണ് പൊലീസ് ലോറി തടഞ്ഞത്. പൊലീസിൻെറ പിടിയിലാകുമെന്ന് വന്നതോടെ ഷിബു സമീപമുള്ള കാരേച്ചിറ തോട്ടിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ തോട്ടിൽ ചാടി ഡ്രൈവറെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.