തടിയന്‍റവിട നസീറിന്‍റെ സഹായി ഷഹനാസ് പിടിയിൽ
text_fieldsഎറണാകുളം: ബംഗളൂരു സ്ഫോടനകേസ് പ്രതി തടിയന്‍റവിട നസീറിന്‍റെ സഹായിയും പെരുമ്പാവൂർ സ്വദേശിയുമായ ഷഹനാസ് പിടിയിൽ. ഇയാളിൽ നിന്ന് നസീർ കൈമാറിയ ബംഗളൂരു സ്ഫോടന കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള കുറിപ്പുകളും കത്തുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കോലഞ്ചേരി കോടതി വളപ്പിൽവെച്ച് വെള്ളിയാഴ്ചയാണ് കത്തുകൾ കൈമാറിയതെന്നാണ് വിവരം.
കിഴക്കമ്പലം കാച്ചപ്പിള്ളി ജ്വല്ലറി മോഷണക്കേസുമായി ബന്ധപ്പെട്ട് തടിയൻറവിട നസീറിനെ കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. 2002 ജൂൺ 20ന് രാത്രി കടപൂട്ടി വീട്ടിലേക്ക് പോകുംവഴി കാച്ചപ്പിള്ളി ജ്വല്ലറി ഉടമ മാത്യു ജോണിനെയും മകനെയും ആക്രമിച്ച് രണ്ടേകാൽ കിലോ സ്വർണം കവർന്ന കേസിന്‍റെ വിചാരണക്കാണ് ഹാജരാക്കിയത്. കോടതി വളപ്പിൽവെച്ച് ഷഹനാസുമായി നസീർ സംസാരിക്കുന്നതും കത്തുകൾ കൈമാറുന്നതും പൊലീസ് നിരീക്ഷിച്ചിരുന്നു.
സംശയത്തെ തുടർന്ന് ഷഹനാസിനെ കസ്റ്റഡിയിലെടുത്തു പരിശോധന നടത്തിയപ്പോഴാണ് എട്ട് കത്തുകൾ കണ്ടെത്തിയത്. ഇതിൽ രണ്ട് കത്തുകളിൽ ബംഗളൂരു സ്ഫോടനകേസ് സാക്ഷികളെ സ്വാധീനിക്കണമെന്നാണ് നസീർ ആവശ്യപ്പെട്ടിരിക്കുന്നത്.
ബംഗളൂരു സ്ഫോടനം, കളമശ്ശേരി ബസ് കത്തിക്കൽ, കശ്മീർ റിക്രൂട്ട്മെൻറ് കേസുകളിൽ പ്രതിയായ നസീർ നിലവിൽ ബംഗളൂരു ജയിലിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.