26 മദ്യവില്‍പ്പനശാലകള്‍ക്ക് ഇന്ന് താഴുവീഴും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യനിരോധം നടപ്പാക്കാനുള്ള തീരുമാനത്തിന്‍െറ ഭാഗമായി വെള്ളിയാഴ്ച 26 വിദേശമദ്യ ചില്ലറവില്‍പനശാലകള്‍ക്കുകൂടി താഴുവീഴും.
ബിവറേജസ് കോര്‍പറേഷന്‍െറ 22ഉം കണ്‍സ്യൂമര്‍ഫെഡിന്‍െറ നാല് വിപണനശാലകളുമാണ് പൂട്ടുന്നത്. മലപ്പുറം ഒഴികെ എല്ലാ ജില്ലയിലും വിപണനശാലകള്‍ പൂട്ടുന്നുണ്ട്. കണ്‍സ്യൂമര്‍ഫെഡിന്‍െറ തിരുവനന്തപുരം കേശവദാസപുരത്തെ നവീകരിച്ച വിപണനശാലയും പൂട്ടുന്നവയില്‍ പെടുന്നു.
ചില്ലറ വിപണനശാല പ്രവര്‍ത്തിപ്പിക്കാനാണ് കണ്‍സ്യൂമര്‍ഫെഡിന് ലൈസന്‍സ് അനുവദിച്ചത്. കേശവദാസപുരം ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന വിപണനശാല രണ്ടുമാസം മുമ്പാണ് സമീപത്തെ ഷോപ്പിങ് മാളിലേക്ക് മാറ്റിയത്. ഇവിടെ എയര്‍കണ്ടീഷനും പിക് ആന്‍ഡ് പേ സംവിധാനവും ഏര്‍പ്പെടുത്തി. ചില്ലറ വില്‍പനക്ക് അനുവദിച്ച ലൈസന്‍സ് ഉപയോഗിച്ച് സൂപ്പര്‍മാര്‍ക്കറ്റ് മോഡല്‍ കച്ചവടമാണ് ഇവിടെ നടത്തിവന്നത്.
മുന്‍ എം.ഡി ടോമിന്‍ തച്ചങ്കരിയുടെ താല്‍പര്യപ്രകാരമായിരുന്നു ഇത്. ഈ നടപടിക്കെതിരെ ആക്ഷേപം ശക്തമായിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. കണ്‍സ്യൂമര്‍ഫെഡുമായി ബന്ധപ്പെട്ട് രാഷ്ട്രീയവിവാദങ്ങള്‍ കൊഴുക്കുന്ന പശ്ചാത്തലത്തില്‍ എ.സി ഒൗട്ട്ലെറ്റ് പൂട്ടുന്നത് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുമെന്നാണ് സൂചന.
പൂട്ടുന്ന വിപണനശാലകള്‍ ജില്ല തിരിച്ച് ചുവടെ. ബിവറേജസ് വിപണനശാലകള്‍ - മടവൂര്‍ (തിരുവനന്തപുരം ജില്ല), ചാത്തന്നൂര്‍, കോട്ടമുക്ക്, കടപ്പാക്കട (കൊല്ലം), കോഴഞ്ചേരി (പത്തനംതിട്ട), പൂച്ചാക്കല്‍ (ആലപ്പുഴ), കുമരകം, മുണ്ടക്കയം (കോട്ടയം), തങ്കമണി (ഇടുക്കി), കാലടി, വാഴക്കുളം, മുളന്തുരുത്തി (എറണാകുളം), മാള (തൃശൂര്‍), കൊല്ലങ്കോട്, നെന്മാറ (പാലക്കാട്), വി.എം.ബി റോഡ്, കോട്ടുളി (കോഴിക്കോട്), കല്‍പ്പറ്റ, മീനങ്ങാടി (വയനാട്), കേളകം, ചെറുപുഴ (കണ്ണൂര്‍), ഉദുമ (കാസര്‍കോട്). കണ്‍സ്യൂമര്‍ഫെഡ് വിപണനശാലകള്‍ - പാലക്കാട്, കാസര്‍കോട്, കൊഴിഞ്ഞാമ്പാറ (പാലക്കാട്), കേശവദാസപുരം (തിരുവനന്തപുരം). സര്‍ക്കാറിന്‍െറ മദ്യനയമനുസരിച്ച് ഓരോ വര്‍ഷവും പത്തു ശതമാനം (39) വിപണനശാലകളാണ് പൂട്ടേണ്ടത്.
2014 ഒക്ടോബര്‍ രണ്ടിന് 39 എണ്ണം പൂട്ടിയിരുന്നു. ദേശീയപാതയോരത്തെ മദ്യവിപണനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന കേന്ദ്ര ഉപരിതലഗതാഗതവകുപ്പിന്‍െറ നിര്‍ദേശാനുസരണം 2015 ജനുവരിയില്‍ 13 എണ്ണം കൂടി പൂട്ടി. അതുകൊണ്ടാണ് ഇക്കുറി 26 വിപണനശാലകള്‍ മാത്രം പൂട്ടുന്നത്.
അടച്ചുപൂട്ടുന്ന മദ്യവില്‍പ്പന ശാലകള്‍:

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.