വി.എസിനെ വിമര്‍ശിക്കുന്നത് വെള്ളാപ്പള്ളി നിര്‍ത്തണം -പിണറായി
text_fieldsതിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെ വിമര്‍ശിക്കുന്നത് തുടരുന്ന വെള്ളാപ്പള്ളി നടേശനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ആര്‍.എസ്.എസിന്‍റെ നാവ് കടമെടുത്ത് വെള്ളാപ്പള്ളി നടേശന്‍ വി.എസ് അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലാണ് പിണറായിയുടെ പ്രതികരണം.
മുതിര്‍ന്ന നേതാക്കളെ തുടര്‍ച്ചയായി അവഹേളിക്കുന്നതിലൂടെ, ആര്‍.എസ്.എസ് ബന്ധം വെള്ളാപ്പള്ളിയുടെ അഹംഭാവം എത്രമാത്രം ഹീനമായ തലത്തില്‍ എത്തിക്കുന്നു എന്നാണ് കാണിക്കുന്നത്. ശ്രീനാരായണ ഗുരുവിന്‍റെ ദര്‍ശനത്തെ ഒരിക്കലും ഉള്‍ക്കൊള്ളുന്നതല്ല ആര്‍.എസ്.എസ് രാഷ്ട്രീയം. അത് തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല. വര്‍ഗീയതയുടെ വഴിയിലേക്ക് നയിക്കാന്‍ ആര് ശ്രമിച്ചപ്പോഴും ചെറുത്തു നിന്ന പാരമ്പര്യമാണ് ശ്രീനാരായണീയരുടേത്.
"മതമെന്നാല്‍ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം."എന്നാണ് ശ്രീനാരായണ വാക്യം. ഈ വാക്യം നെഞ്ചേറ്റി നടക്കുന്ന ഒരു ജനതയെ, മാട്ടിറച്ചി ഭക്ഷിച്ചു എന്നാരോപിച്ച് മനുഷ്യനെ തല്ലിക്കൊല്ലുന്ന വര്‍ഗീയ ഭ്രാന്തിന്‍റെ അവസ്ഥയിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ഒരു നീക്കവും കേരളത്തില്‍ വിജയിക്കില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.