ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് പോസ്റ്റിട്ട കോളജ് അധ്യാപികക്കെതിരെ അന്വേഷണം
text_fieldsതൃശൂര്‍: ഉത്തര്‍പ്രദേശിയിലെ ദാദ്രിയില്‍ വീട്ടില്‍ ഗോമാസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഗൃഹനാഥനെ തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ച് തൃശൂര്‍ കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ബീഫ് ഫെസ്റ്റിനെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികക്കെതിരെ അന്വേഷണം. കോളജിലെ അധ്യാപിക ദീപ നിശാന്താണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പരസ്യ പ്രചാരണം നടത്താനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രിന്‍സിപ്പലിനോട് കോളജ് മാനേജ്മെന്‍റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ബീഫ് ഫെസ്റ്റിനെ കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. കോളജില്‍ ക്ഷേത്രമുണ്ടെന്നും മാംസാഹാരം പ്രവേശിപ്പിക്കാന്‍ അനുമതിയില്ളെന്നും പറഞ്ഞാണ് എ.ബി.വി.പി പ്രശ്നമുണ്ടാക്കിയത്. ഇരു വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ബീഫ് ഫെസ്റ്റിന്‍െറ സംഘാടകരെന്ന് പറയപ്പെടുന്ന ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം സസ്പെന്‍റ് ചെയ്യുകയുമുണ്ടായി.
ഇതിനിടക്കാണ്, എസ്.എഫ്.ഐ നടപടി ന്യായീകരിച്ച ദീപ പോസ്റ്റിട്ടത്. കലാലയം ക്ഷേത്രമല്ളെന്ന് പറഞ്ഞ ദീപ, പെണ്‍കുട്ടികള്‍ക്ക് ചില പ്രത്യേക ദിവസങ്ങളില്‍ അശുദ്ധി കല്‍പ്പിച്ച് കോളജില്‍ പ്രവേശം തടയുന്ന സ്ഥിതി നാളെ വന്നേക്കാമെന്നും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകള്‍ അധ്യാപികയെ കോളജില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കോളജ് മാനേജ്മെന്‍റ് പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതികരിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുകയാണെങ്കില്‍ അതില്‍ ആദ്യത്തെ ആളാവുന്നതില്‍ സന്തോഷമേയുള്ളൂ എന്നായിരുന്നു ദീപയുടെ പോസ്റ്റ്. വിവാദമായതിനെ തുടര്‍ന്ന് അധ്യാപിക പോസ്റ്റ് പിന്‍വലിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.