മട്ടന്നൂര്‍ നഗരസഭയില്‍ കൂട്ടലും കിഴിക്കലുമില്ല; ഉള്ളത് എണ്ണല്‍ മാത്രം
text_fieldsമട്ടന്നൂര്‍: കേരളം ത്രിതല തെരഞ്ഞെടുപ്പ് ചൂടില്‍ ലയിക്കുമ്പോള്‍ മട്ടന്നൂര്‍ നഗരസഭയില്‍ തെരഞ്ഞെടുപ്പില്ല. അതുകൊണ്ടുതന്നെ ഇവിടെ രാഷ്ട്രീയനേതാക്കളുടെ കൂട്ടലും കിഴിക്കലുമില്ല. ഉള്ളത് വോട്ടെണ്ണലും തുടര്‍ന്നുള്ള ആരവവും മാത്രം. അമ്പതിനായിരത്തോളം വരുന്ന മട്ടന്നൂര്‍ ജനതക്കായി മാത്രം ക്രമംതെറ്റിയ മത്സരമാണുള്ളത്. സ്വാഭാവികമായും അത് സംസ്ഥാനം മുഴുവന്‍ ശ്രദ്ധേയവുമാകും.
പഴശ്ശി, പൊറോറ, കോളാരി പഞ്ചായത്തുകളെ സംയോജിപ്പിച്ച് 1962 ലാണ് മട്ടന്നൂര്‍ പഞ്ചായത്ത് രൂപവത്കരിച്ചത്. തുടര്‍ന്ന് സംസ്ഥാനത്തെ ഇടത്തരം പഞ്ചായത്തുകളെ നഗരസഭയായി ഉയര്‍ത്തുന്നതിന്‍െറ ഭാഗമായി 1990 ഏപ്രില്‍ ഒന്നിന് മട്ടന്നൂരിനെ നഗരസഭയായി മാറ്റുകയായിരുന്നു. നഗരസഭയായി ഉയര്‍ത്തിയത് ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അവര്‍ പ്രക്ഷോഭത്തിനിറങ്ങി. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഐക്യമുന്നണി സര്‍ക്കാര്‍ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി തരം താഴ്ത്തി. സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം വഴി മട്ടന്നൂരിനെ ഭരണസ്തംഭനത്തിലേക്ക് നയിച്ചപ്പോള്‍, പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന എന്‍. മുകുന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള മുനിസിപ്പല്‍ സംരക്ഷണ സമിതി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. 1996 വരെ പഞ്ചായത്തും നഗരസഭയും അല്ലാത്ത വിധത്തില്‍ മട്ടന്നൂര്‍ നിലകൊണ്ടപ്പോള്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇ.കെ. നായനാര്‍ സര്‍ക്കാര്‍ മട്ടന്നൂരിനെ വീണ്ടും നഗരസഭയായി ഉയര്‍ത്തുകയായിരുന്നു.
1962 ല്‍ മട്ടന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റായി മാധവന്‍ നമ്പ്യാര്‍ അധികാരമേറ്റു. 1979, 1985 തെരഞ്ഞെടുപ്പുകളില്‍ സി.പി.എം നേതൃത്വത്തില്‍ ഭരണസമിതി അധികാരമേറ്റു. 1990ല്‍ നഗരസഭയായി ഉയര്‍ത്തിയപ്പോള്‍ ഇതേ നേതൃത്വത്തിലുള്ള ഭരണസമിതിയെ ഉപദേശകസമിതിയായി നിശ്ചയിച്ചു. 2012 ല്‍ സി.പി.എം നേതാവ് കെ. ഭാസ്കരന്‍ മാസ്റ്റര്‍ ചെയര്‍മാനായി തെിരഞ്ഞെടുക്കപ്പെട്ടു. 34 അംഗ കൗണ്‍സിലില്‍ ഇടതുമുന്നണിക്ക് 21 ഉം ഐക്യമുന്നണിക്ക് 13 ഉം സീറ്റുകളാണുള്ളത്. ഈ ഭരണസമിതിയാണ് ഇപ്പോള്‍ തുടരുന്നത്.
മുനിസിപ്പല്‍- പഞ്ചായത്തീ രാജ് നിയമപ്രകാരം ഭരണസമിതിയുടെ കാലാവധി 5 വര്‍ഷമായതിനാല്‍ മട്ടന്നൂരില്‍ അടുത്ത തെരഞ്ഞെടുപ്പ് 2017 ലായിരിക്കും. ഒരുമിച്ചു തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ഇന്നത്തെ ഭമണരസമിതി സ്വയം രാജിവെയ്ക്കണം. മട്ടന്നൂരില്‍ വേറിട്ടു നടക്കുന്നതിനാല്‍തന്നെ തിരഞ്ഞെടുപ്പ് സംസ്ഥാനം മുഴുവന്‍ ശ്രദ്ധിക്കപ്പെടും. വാര്‍ത്താ പ്രാധാന്യവുമേറും. എന്നും മൃഗീയ ഭൂരിപക്ഷമുണ്ടാവാറുള്ള ഭരണമുന്നണിയില്‍ സ്വയം രാജി എന്ന ചിന്തപോലും ഒരിക്കലും കടന്നുവരില്ല. അതുകൊണ്ട് മട്ടന്നൂര്‍ എന്നും വേറിട്ടു നില്ക്കും. ത്രിതല തിരഞ്ഞെടുപ്പു വേളകളില്‍ മട്ടന്നൂര്‍ നഗരസഭാ പരിധിയിലെ വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമീപ പഞ്ചായത്തുകളില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ് പതിവ്. തെരഞ്ഞെടുപ്പ് ഇല്ളെങ്കിലും അതിന്‍െറ ആരവം മട്ടന്നൂരില്‍ ഉയരും. ചില ഗ്രാമ പഞ്ചായത്തുകളുടേയും ബ്ളോക് തല വാര്‍ഡുകളുടെയും വോട്ടെണ്ണല്‍ മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് നടക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.