നിങ്ങളെന്നെ പാട്ടുകാരനാക്കി...
text_fieldsവടകര: എന്നെ പാട്ടുകാരനാക്കിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്, എത്ര പ്രചാരണങ്ങളില്‍ പാട്ടുപാടിയെന്ന് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ കഴിയില്ല, അത്രയേറെ പാടിയിട്ടുണ്ട്. പ്രായത്തിന്‍െറ അവശതകള്‍ക്കിടയില്‍ പഴയകാലം ഓര്‍ത്തെടുക്കുകയാണ് കെ.കെ. കൃഷ്ണന്‍ എന്ന കൃഷ്ണദാസ് വടകര. പഴയകാലത്ത് പാര്‍ട്ടി സമ്മേളനങ്ങള്‍ എന്നുപറഞ്ഞാല്‍ വൈകാരികമായൊരു ആഘോഷമാണ്. കുരുത്തോല തൂക്കലും വേദിയൊരുക്കലും ഓരോ വീടും കയറിയിറങ്ങി കാര്യങ്ങള്‍ അറിയിക്കുന്നതുമെല്ലാം സഖാക്കള്‍തന്നെ.
വീട്ടിലെല്ലാവരും ഒന്നിച്ച് കൈക്കുഞ്ഞിനെയുമെടുത്താണ് യോഗത്തിന് വരുക. പ്രചാരണവും ആഘോഷവുമെല്ലാം ആരെയെങ്കിലും ഏല്‍പിച്ച് പരിപാടികളുടെ വെറും കാഴ്ചക്കാരനായിരിക്കുന്ന രീതി അന്നില്ല. മൈക് സെറ്റ് അപൂര്‍വകാഴ്ചയാണ്. വലിയ സമ്മേളനങ്ങള്‍ക്കുമാത്രമേ മൈക്കുണ്ടാവുകയുള്ളൂ. അത്തരം സമ്മേളനങ്ങളിലെ നോട്ടീസില്‍ ഒരറിയിപ്പ് പതിവായിരുന്നു. ‘കെ.കെ. കൃഷ്ണന്‍െറ ഗാനങ്ങളും ഉച്ചഭാഷിണിയും ഉണ്ടായിരിക്കുന്നതാണ്’ എന്ന്. കൃഷ്ണന്‍ കൃഷ്ണദാസായതിനു പിന്നിലൊരു കഥയുണ്ട്.
വടകരയില്‍ അക്കാലത്തുനടന്ന ചെറുശ്ശേരി കാവ്യോത്സവത്തില്‍ സംഗീതാവിഷ്കാരം താനായിരുന്നുവെന്ന് കൃഷ്ണദാസ് പറയുന്നു.
അന്ന് സംസ്കൃത പണ്ഡിതനായിരുന്ന കാവില്‍ പി. രാമന്‍ പണിക്കര്‍ വിളിച്ചുപറഞ്ഞു. നീ വെറും കൃഷ്ണനല്ല, കൃഷ്ണദാസനാണെന്ന്. അങ്ങനെയാണ് കൃഷ്ണദാസ് വടകരയായത്. മുമ്പ്, സംഗീതസംവിധാനം എന്ന പ്രയോഗമില്ല. പാട്ട് ട്യൂണ്‍ ചെയ്യുകയാണ്. പി.ടി. അബ്ദുറഹ്മാന്‍, വി.ടി. കുമാരന്‍, പപ്പന്‍ വള്ളിക്കാട് എന്നിവരുടെ നിരവധി ഗാനങ്ങളാണ് ട്യൂണ്‍ ചെയ്തത്. പപ്പന്‍ വള്ളിക്കാടിന്‍െറ വരികളാണ് പാര്‍ട്ടിവേദികളില്‍ കൂടുതലായി പാടിയത്. ഒഞ്ചിയത്തിന്‍േറാമനായാം മണ്ടോടിക്കണ്ണന്‍, കാളവണ്ടി, കറവറ്റ പശുവിന്, ചുരം കയറുമ്പോള്‍ തുടങ്ങിയവക്കാണ് അന്നു ഇന്നും കേള്‍വിക്കാരുള്ളത്.
കേരളത്തിനകത്തും പുറത്തും പാര്‍ട്ടിവേദികളിലും മറ്റും പാടി. വി.എം. കുട്ടിയുമായി പരിചയപ്പെട്ടതോടെ മാപ്പിളപ്പാട്ടുരംഗത്തേക്കുള്ള വഴിതെളിഞ്ഞു. അങ്ങനെയാണ് ‘ഉടനെ കഴുത്തന്‍െറതറുക്കൂ ബാപ്പാ, മക്കാ മരുഭൂമിയിലൊരു... തുടങ്ങിയ പാട്ടുകള്‍ പാടുന്നത്. 1962ല്‍ അഴിയൂര്‍ സ്കൂളില്‍ സംഗീതാധ്യാപകനായി ജോലികിട്ടി. എന്നാല്‍, പൊലീസ് വെരിഫിക്കേഷനില്‍ കമ്യൂണിസ്റ്റ് ബന്ധമാരോപിച്ച് പിരിച്ചുവിട്ടു. ഇ.എം.എസ് മുഖ്യമന്ത്രിയായപ്പോള്‍ ഒരു കത്തെഴുതി. വൈകാതെ മറുപടികിട്ടി. ‘രാഷ്ട്രീയപ്രവര്‍ത്തനത്തിന് സംഗീതം ആയുധമാക്കാമെന്ന് കൃഷ്ണന്‍ തെളിയിച്ചു. ആ പാട്ടുകള്‍ ഞാനും കേട്ടിട്ടുണ്ട്്. കമ്യൂണിസ്റ്റുകാരനായതുകൊണ്ടുമാത്രം ജോലി നഷ്ടമാകില്ളെ’ന്നായിരുന്നു മറുപടി. ആ കത്ത് വെറുതെയായില്ല. വീണ്ടും അധ്യാപകനായി ഉത്തരവ് വന്നു. പഴയ ആവേശമൊന്നും ഇന്നത്തെ പ്രചാരണത്തിലില്ളെന്നും ഇനി അതൊന്നും പ്രതീക്ഷിക്കേണ്ടെന്നും കൃഷ്ണദാസ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.