മൂന്ന് തൊഴിലാളികളെ തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ
text_fieldsകൊച്ചി: തമിഴ്നാട് സ്വദേശികളായ മൂന്ന് തൊഴിലാളികളെ തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. നിര്‍മാണ കരാറുകാരനായ തമിഴ്നാട് തിരിച്ചിറപ്പള്ളി സ്വദേശി തോമസ് ആല്‍വാ എഡിസണെയാണ് എറണാകുളം സെഷന്‍സ് കോടതി വധശിക്ഷക്ക് വിധിച്ചത്. ഇയാള്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കണ്ടത്തെിയിരുന്നു. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ കൊടുക്കണമെന്ന പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിച്ചു.
വിജയ്, സുരേഷ്, ഡെഫി എന്നിവരെയാണ് എഡിസണ്‍ കൊലപ്പെടുത്തിയത്. എറണാകുളം പഴയ റെയില്‍വെ സ്റ്റേഷന്‍ റോഡിലെ വാടക വീട്ടില്‍ 2009 ഫെബ്രുവരി 29നാണ് കേസിന് ആസ്പദമായ സംഭവം. കൂലിത്തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. 14000 രൂപ ശമ്പളയിനത്തില്‍ ഇയാള്‍ തൊഴിലാളികള്‍ക്ക് നല്‍കാനുണ്ടായിരുന്നു. ഇതു ചോദിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ പ്രതി ഇറങ്ങിപ്പോവുകയും പെട്രോളുമായി മടങ്ങിവന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. മുറി പുറത്തു നിന്ന് പൂട്ടിയതിനുശേഷം ജനലിലൂടെയാണ് പെട്രോള്‍ ഒഴിച്ചത്.
പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ചെയ്ത കുറ്റകൃത്യമല്ല ഇതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസിലെ പ്രതിക്ക് വധശിക്ഷ തന്നെ വിധിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.