അനീഷ് മാസ്റ്ററുടെ മരണം: മൂന്ന് പ്രതികള്‍കൂടി ഹാജരായി
text_fieldsപാലക്കാട്: കെ.കെ. അനീഷ് മാസ്റ്ററുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ തിരൂരങ്ങാടി മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്യൂണ്‍ മുഹമ്മദ് അഷ്റഫ്, ക്ലാര്‍ക്കുമാരായ അബ്ദുറസാഖ്, അബ്ദുല്‍ ഹമീദ് എന്നിവരുടെ അറസ്റ്റ് പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വ്യാഴാഴ്ച്ച ഡിവൈ.എസ്.പി വി.എസ്. മുഹമ്മദ് കാസിം മുമ്പാകെ ഹാജരായ പ്രതികളെ ജാമ്യത്തില്‍ വിട്ടു. ഇവരടക്കം കേസിലെ ഏഴ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണോദ്യോഗസഥന് മുമ്പാകെ ഹാജരായി ജാമ്യമെടുക്കാനായിരുന്നു നിര്‍ദേശം.
ഇതുപ്രകാരം കേസിലെ മറ്റു പ്രതികളായ സ്കൂള്‍ മാനേജര്‍ വി.പി. സെയ്തലവി എന്ന കുഞ്ഞാപ്പു, മുന്‍ മലപ്പുറം ഡി.ഡി.ഇ കെ.സി.ഗോപി, ഹെഡ്മിസ്ട്രസ് സുധ പി. നായര്‍, മുന്‍ പി.ടി.എ പ്രസിഡന്റ് ഹൈദര്‍ കെ. മൂന്നിയൂര്‍ എന്നിവര്‍ ഡിവൈ.എസ്.പി മുമ്പാകെ ഹാജരായി ജാമ്യമെടുത്തിരുന്നു. മാനേജ്മെന്റിന്‍െറ നിരന്തരപീഡനത്തിലും ജോലി നഷ്ടപ്പെട്ടതിലും മനംനൊന്താണ് അനീഷ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി.
സ്കൂളില്‍നിന്നും പിരിച്ചുവിടപ്പെട്ട നാദാപുരം ഇടച്ചേരി സ്വദേശിയായ കെ.കെ. അനീഷ് 2014 സെപ്റ്റംബര്‍ രണ്ടിനാണ് മലമ്പുഴയിലെ സ്വകാര്യലോഡ്ജില്‍ കൈയ്യിന്െറ ഞരമ്പു മുറിച്ച് ജീവനൊടുക്കിയത്. അനീഷ് കുറ്റക്കാരനെല്ലെന്ന് കണ്ടെത്തിയ ഡി.പി.ഐ പിരിച്ചുവിട്ട നടപടി റദ്ദാക്കുകയും മരിക്കുന്നതുവരെയുള്ള എല്ലാ സര്‍വീസ് ആനുകൂല്യങ്ങളും കുടുംബത്തിന് നല്കാന് ഉത്തരവിടുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.