നഗരസഭാ ഭരണത്തിന് തുടക്കം നഗരപരിഷ്കരണ കമ്മിറ്റിയിലൂടെ
text_fieldsവിരലില്‍ എണ്ണിയാല്‍ തീരുന്ന നഗരസഭകളും കോര്‍പ്പറേഷനും-അങ്ങനെയൊരു കാലവും കേരളത്തിനുണ്ടായിരുന്നു. പക്ഷെ, നഗരം ഗ്രാമങ്ങളെ കീഴടക്കിയപ്പോള്‍ പഞ്ചായത്തുകളുടെ സ്ഥാനത്ത് നഗരസഭകള്‍ എത്തി. ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആറു കോര്‍പ്പറേഷനും 87 നഗരസഭകളുമാണ് കേരളത്തില്‍. എവിടെ നിന്നാണ് കേരളത്തില്‍ നഗരസഭകളുടെ തുടക്കം? റിപ്പണ്‍ പ്രഭുവിലാണ് അന്വേഷണം അവസാനിക്കുന്നത്. 1882 മെയ് 18ലെ റിപ്പണ്‍ പ്രഭുവിന്‍െറ തുടര്‍ച്ചയായാണ് 1894ലെ നഗര പരിഷ്കരണ കമ്മിറ്റി റിപ്പോര്‍ട്ട്. ആ വര്‍ഷമാണ് തിരുവിതാംകൂറിലും ആദ്യ ചുവട് വെയ്പ്. ഡര്‍ബാര്‍ ഫിസിഷ്യന്‍ മേജര്‍ ജെ.ഹുസ്റ്റുണ്‍ അദ്ധ്യക്ഷനായ കമ്മറിയുടെ റിപ്പോര്‍ട്ടാണ് നഗര പരിഷ്കരണ കമ്മിറ്റിക്ക് കാരണമായത്. പൊതുകിണറുകളും കക്കൂസുകളും തെരുവ് വിളക്കുകളും ഓടകളും മറ്റുമായിരുന്നു ചുമതല. തിരുവനന്തപുരം, നാഗര്‍കോവില്‍, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലായിരുന്നു നഗരപരിഷ്കരണ കമ്മിറ്റികള്‍ രൂപവല്‍ക്കരിച്ചത്. ഉദ്യോഗസ്ഥരായിരുന്നു ഭൂപരിക്ഷ അംഗങ്ങള്‍. നികുതി ചുമത്താനും പിരിക്കാനും അധികാരമുണ്ടായിരുന്നില്ല. എന്നാല്‍, 1900ത്തിലെ നിയമത്തിലൂടെ ആ അധികാരങ്ങള്‍ ലഭിച്ചു.
1920ലാണ് നഗരപരിഷ്കരണ കമ്മിറ്റികള്‍ നഗരസഭകളായി മാറുന്നത്. കമ്മിറ്റി പ്രസിഡന്‍റ് പൗര പ്രമുഖനായി. 1940 ല്‍ എത്തിയപ്പോള്‍ കൗണ്‍സിലിന്‍െറ നാലില്‍ മൂന്നു ഭാഗവും തെരഞ്ഞെടുക്കപ്പെട്ടവരായി. തുടക്കത്തില്‍ പ്രസിഡന്‍റിനായിരുന്നു ഭരണ നിര്‍വഹകണ ചുമതല. 1945ല്‍ മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ക്കായി ഭരണം. ഇപ്പോഴത് സെക്രട്ടറിയാണ്. കൊച്ചിയില്‍ 1910ല്‍ സാനിട്ടറി ബോര്‍ഡുകളിലൂടെയാണ് നഗര ഭരണത്തിന് തുടക്കം. 1920ല്‍ ഭൂപരിക്ഷത്തെ തെരഞ്ഞെടുക്കുന്നതിന് നിയമംമൂലം അനുമതി നല്‍കി. 1938വരെ ഏതാനം പേരെ നാമനിര്‍ദേശം ചെയ്യുമായിരുന്നു. മലബാറില്‍ നേരത്തെ തന്നെ മദ്രാസ് മുനിസിപ്പല്‍ നിയമം നിലവിലുണ്ടായിരുന്നു. 1859ലാണ് മലബാര്‍ ജില്ലാ ബോര്‍ഡ് നിലവില്‍വരുന്നത്. 1865ല്‍ മദ്രാസ് നഗര പരിഷ്കരണ നിയമവും നിലവില്‍ വന്നു. 1866ല്‍ കോഴിക്കോട്, പാലക്കാട്, തലശേരി എന്നിവിടങ്ങളിലും 1867ല്‍ കണ്ണുരിലും നഗസഭകള്‍ നിലവില്‍വന്നു. മൂന്നു വര്‍ഷമായിരന്നു കൗണ്‍സില്‍ അംഗങ്ങളുടെ കാലാവധി. നാലില്‍ മൂന്നിനെയും നികുതി ദായകര്‍ തെരഞ്ഞെടുത്തു. 12ല്‍ കുറയാത്ത അംഗങ്ങളാണ് ഓരോ കൗണ്‍സിലിലും ഉണ്ടായിരുന്നത്.
കൗണ്‍സിലര്‍മാരെ ജനസംഖ്യാടിസ്ഥാനത്തില്‍ നിശ്ചയിച്ചത് 1920ലാണ്. 16 മുതല്‍ 36വരെ അംഗങ്ങളാണ് ഓരോ നഗരസഭ കൗണ്‍സിലിലും ഉണ്ടായിരുന്നത്. നാലില്‍ മൂന്നു ഭാഗത്തെ തെരഞ്ഞെടുത്തപ്പോള്‍ ബാക്കി അംഗങ്ങളെ മുസ്ളിം തുടങ്ങിയ ന്യൂപപക്ഷങ്ങളില്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്തു. 1930വരെ നാമനിര്‍ദേശം തുടര്‍ന്നു. മുഴൂവന്‍ അംഗങ്ങളെയും തെരഞ്ഞെടുത്തു തുടങ്ങിയതോടെയാണ് വനിതകള്‍ കൂണ്‍സില്‍ അംഗങ്ങളായത്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവരെയുമം തെരഞ്ഞെടുക്കുമായിരുന്നു.
1956ല്‍ കേരളം രൂപീകരിക്കപ്പെട്ടതോടെയാണ് എകീകൃത മുനിസിപ്പല്‍ നിയമത്തെ കുറിച്ച് ആലോചന തുടങ്ങിയത്. അന്ന് തിരുവനന്തപുരം കോര്‍പ്പറേഷനും 20 നഗരസഭകളുമായിരുന്നു തിരുവിതാംകൂറിലുണ്ടായിരുന്നത്. 1961 സെപ്തംബര്‍ ഒന്നിന് നിലവില്‍ വന്ന മുനിസിപ്പാലിറ്റി ചട്ട പ്രകാരം സംസ്ഥാനത്തെ നഗരസഭാ ഭരണം ഏകീകരിച്ചു. 1940ലാണ് തിരുവനന്തപുരം ആദ്യ കോര്‍പ്പറേഷനായി നിലവില്‍വരുന്നത്. 1962ല്‍ കോഴിക്കോടും 1967ല്‍ കൊച്ചിയും കോര്‍പ്പറേഷനുകളായി. 2000ത്തില്‍ കൊല്ലവും തൃശൂരും കോര്‍പ്പുറഷനായി. ഇത്തവണ കണ്ണൂരും. പഞചായത്തീരാജ് ചട്ട പ്രകാരം ഗ്രാമങ്ങള്‍ക്കായി ജില്ലാ, ബ്ളോക്ക് ഭരണ സംവിധാനമുണ്ടെങ്കിലും നഗരസഭകള്‍ക്ക് അതില്ല. ജില്ലാ, ബ്ളോക്ക് പഞ്ചായത്ത് ഭരണാധികാരികള്‍ക്കൊന്നും നഗര പരിധിയില്‍ കാര്യമില്ല. നഗരസഭകളില്‍ ഒരൊറ്റ വോട്ട് മതിയെന്നതും പ്രത്യേകതയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.