എന്ന് സ്വന്തം കൗണ്‍സിലര്‍മാര്‍
text_fieldsതൊടുപുഴ: അഞ്ചുവര്‍ഷം ഒരുമിച്ചുനിന്ന് പോരാടിയവര്‍, കൗണ്‍സില്‍ ഹാളില്‍ ശബ്ദമുയര്‍ത്തിയും ഇറങ്ങിപ്പോയും പ്രതിഷേധിച്ചവര്‍. ഇവരെല്ലാം ഒരിക്കല്‍കൂടി സ്നേഹവും സൗഹൃദവും പങ്കിടാന്‍ ഒത്തുചേര്‍ന്നു. ഇനി മത്സരരംഗത്തില്ലാത്തവര്‍ തമ്മില്‍ കാണാന്‍ കഴിയില്ളെന്ന വിഷമം പങ്കിട്ടു. ചിലര്‍ അവസാന കൗണ്‍സില്‍ മക്കളുടെ വിവാഹക്ഷണത്തിനുള്ള വേദിയാക്കി. ഒടുവില്‍ മധുരം കഴിച്ചും ഒരുമിച്ചുനിന്ന് ചിത്രങ്ങളെടുത്തും ഇവരെല്ലാം കൗണ്‍സില്‍ ഹാളിന്‍െറ പടിയിറങ്ങി.
തൊടുപുഴ നഗരസഭാ കൗണ്‍സിലിന്‍െറ അവസാന കൗണ്‍സില്‍ യോഗം നടന്ന തിങ്കളാഴ്ചയാണ് വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ വേദിയായത്. 11 മണിയോടെ തന്നെ കൗണ്‍സില്‍ ആരംഭിച്ചെങ്കിലും കൗണ്‍സില്‍ അംഗങ്ങളില്‍ ചിലരെല്ലാം അതത് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ തിരക്കിലായിരുന്നു.
കൗണ്‍സില്‍ നടപടി ആരംഭിച്ച് അരമണിക്കൂറായപ്പോഴേക്കും പലരും ഓടിക്കിതച്ചത്തെി. വരാത്തവരെയൊക്കെ കൗണ്‍സിലര്‍മാര്‍ ഫോണില്‍ ബന്ധപ്പെട്ട് യോഗത്തിന് എത്തില്ളേ എന്ന് അന്വേഷിക്കുന്നത് കാണാമായിരുന്നു. നിമിഷങ്ങള്‍ കഴിഞ്ഞതോടെ കൗണ്‍സില്‍ ഹാള്‍ സജീവമായി. എല്ലാവരും ആദ്യമായി ഒറ്റ മുന്നണിക്ക് കീഴില്‍ എന്നപോലെ വാദപ്രതിവാദങ്ങളില്ലാതെ അണിനിരന്നത് കൗതുക കാഴ്ചയായിരുന്നു. മുന്‍ ചെയര്‍മാന്‍ ടി.ജെ. ജോസഫാണ് ആദ്യം സംസാരിക്കാന്‍ മൈക്കെടുത്തത്.
ഒത്തൊരുമയോടെയാണ് കൗണ്‍സില്‍ അംഗങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും ഇത് നഗരസഭക്ക് ഏറെ ഗുണകരമായെന്നും ടി.ജെ. ജോസഫ് പറഞ്ഞു. പിരിഞ്ഞുപോയാലും പഴയ സ്നേഹബന്ധം നിലനിര്‍ത്തണമെന്നും പറഞ്ഞ് മൈക്ക് കൗണ്‍സിലറായ നൈറ്റ്സി കുര്യാക്കോസിന് കൈമാറി. എന്നാല്‍, നൈറ്റ്സി കുര്യാക്കോസ് മകളുടെ വിവാഹം വിളിക്കാനാണ് ഈസമയം വിനിയോഗിച്ചത്. ഒത്തുകല്യാണത്തിന് എല്ലാവരും എത്തണമെന്ന് പറഞ്ഞ് നിര്‍ത്തുമ്പോഴാണ് നേരത്തേ സംസാരിച്ച ടി.ജെ. ജോസഫ് മകന്‍െറ കല്യാണം കൂടി വിളിക്കാനുണ്ടെന്ന് ഉച്ചത്തില്‍ പറഞ്ഞത്. തുടര്‍ന്ന് മൈക്ക് തട്ടിയെടുത്തു. ഇത് കൗണ്‍സില്‍ ഹാളില്‍ കൂട്ട ചിരി പടര്‍ത്തി. പിന്നീട് സംസാരിച്ചത് പ്രതിപക്ഷ നേതാവ് ആര്‍. ഹരിയായിരുന്നു.
കൗണ്‍സിലിന്‍െറ കാലാവധി തീരുന്ന വേളയില്‍ എല്ലാവര്‍ക്കും ഭാവിജീവിതം ഭാസുരമാകട്ടെ എന്ന് ഒറ്റവാക്കില്‍ അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു. തുടര്‍ന്ന് ബി.ജെ.പി നേതാവ് ടി.എസ്. രാജനും ഏറെ വികാരപരമായാണ് സംസാരിച്ചത്. പലപ്പോഴും കൗണ്‍സില്‍ ഹാളില്‍ ശബ്ദം ഉയര്‍ത്തേണ്ടി വന്നിട്ടുണ്ട്. ഇതൊന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയല്ളെന്നും രാജന്‍ പറഞ്ഞു. ശേഷം സംസാരിച്ച ചെയര്‍മാന്‍ എ.എം. ഹാരിദ് തുറന്ന മനസ്സോടെയാണ് കൗണ്‍സിലിനെ അഭിസംബോധന ചെയ്തത്. കൗണ്‍സില്‍ കാലത്ത് ഒട്ടേറെ വാദപ്രതിവാദങ്ങളുണ്ടായിട്ടുണ്ട്. പലതരത്തിലുള്ള വിമര്‍ശങ്ങളുണ്ടായിട്ടുണ്ട്. ഇവയെല്ലാം ചെയര്‍മാന്‍ എന്ന നിലക്ക് തനിക്ക് മാര്‍ഗനിര്‍ദേശകങ്ങളായിട്ടുണ്ട്. തന്‍െറ പിതാവ് ഒരു രാഷ്ട്രീയ നേതാവായിരുന്നു. അദ്ദേഹത്തോടൊപ്പം പൊതുപ്രവര്‍ത്തനം നടത്തിയവരോടൊപ്പം ഈ കൗണ്‍സിലില്‍ സഹയാത്രികനാകാന്‍ കഴിഞ്ഞത് അനുഗ്രഹമാണ്. ഒന്നരവര്‍ഷമായിരുന്നു തന്‍െറ കാലാവധി. ചെയര്‍മാന്‍ എന്ന ചുമതല ഏറ്റെടുത്തത് ഏറെ ടെന്‍ഷനോടെയായിരുന്നു. എന്നാല്‍, കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്താല്‍ ഒരു പ്രശ്നവുമുണ്ടായില്ല. അതുകൊണ്ടുതന്നെ ഈ കൗണ്‍സില്‍ പിരിയുമ്പോള്‍ ഏറെ സങ്കടമുണ്ട്. കോളജിലും മറ്റും പഠനം പൂര്‍ത്തിയാക്കി പിരിയുന്ന അനുഭവമാണ് ഇപ്പോഴുള്ളത്. ഇവിടെനിന്ന് പിരിയുമ്പോഴും എല്ലാവരും സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു. തുടര്‍ന്ന് കൗണ്‍സിലര്‍മാരായ അഡ്വ.ജോസഫ് ജോണ്‍, ജെസി ആന്‍റണി, അബ്ദുല്‍ കരീം എന്നിവരും സംസാരിച്ചു. തുടര്‍ന്ന് എല്ലാവരെയും നഗരസഭക്ക് മുന്നിലുള്ള പാര്‍ക്കിലേക്ക് കൗണ്‍സില്‍ അംഗങ്ങളോടൊപ്പം ചിത്രമെടുക്കാന്‍ ക്ഷണിച്ചു. കാമറാ ഫ്ളാഷുകള്‍ തുടരെ തുടരെ മിന്നിയപ്പോള്‍ 2010-15ലെ കൗണ്‍സിലും ചരിത്രത്തിലെ ചിത്രങ്ങളിലിടംപിടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.