ബന്ധുബലം വോട്ടുബലം
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് രാഷ്ട്രീയപോരാട്ടമാണെന്ന് പറയുമ്പോഴും പാരമ്പര്യത്തിന്‍െറയും ബന്ധുത്വത്തിന്‍െറയും ബലത്തില്‍ ഗോദയിലിറങ്ങുന്നവരും ഏറെയാണ്. ഇതില്‍ പലര്‍ക്കും പൊതുപ്രവര്‍ത്തനരംഗത്തെ അനുഭവസമ്പത്തുകൂടിയുണ്ടെങ്കിലും ചിലര്‍ക്ക് ബന്ധുബലം മാത്രമേ തുണയായുള്ളൂ.
സി.പി.എമ്മിലെയും കോണ്‍ഗ്രസിലെയും പ്രമുഖ നേതാക്കളുടെ അടുത്ത ബന്ധുക്കള്‍ കോര്‍പറേഷനിലേക്ക് ഏറ്റുമുട്ടുന്നുണ്ട്. ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബുവിന്‍െറ മകളും സിറ്റിങ് കൗണ്‍സിലറുമായ കെ.സി. ശോഭിത മലാപ്പറമ്പ് വാര്‍ഡിലാണ് മത്സരിക്കുന്നത്. മറ്റൊരു സിറ്റിങ് കൗണ്‍സിലര്‍ കെ. സിനിയാണ് ഇവരുടെ എതിരാളി. തിരുത്തിയാട് വാര്‍ഡില്‍ എല്‍.ഡി.എഫിനുവേണ്ടി രംഗത്തുള്ളത് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ മേയറുമായ ടി.പി. ദാസന്‍െറ ഭാര്യ ടി.വി. ലളിതപ്രഭയാണ്. ജോ. രജിസ്ട്രാറായി വിരമിച്ച ഇവര്‍ നേരത്തേ ഇടതു സര്‍വിസ് സംഘടനകളുടെ സംസ്ഥാന സമിതി അംഗമായിരുന്നു. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍െറ ചെറിയച്ഛന്‍െറ മകന്‍െറ മകള്‍ ദിവ്യലക്ഷ്മിയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി.
മുന്‍ മേയറും സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.ടി. രാജന്‍െറ ഭാര്യയുമായ എം.എം. പത്മാവതി മെഡിക്കല്‍ കോളജ് സൗത് വാര്‍ഡില്‍ ജനവിധി തേടുന്നു. ഷീബ രാജഗോപാലാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി.
മുന്‍ ഡി.സി.സി പ്രസിഡന്‍റ് കെ. സാദിരിക്കോയയുടെ മകനും കെ.പി.സി.സി അംഗവുമായ അഡ്വ. പി.എം. നിയാസാണ് ചാലപ്പുറം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി. ജെ.ഡി.യുവില്‍നിന്ന് വന്ന പടിയേരി ഗോപാലകൃഷ്ണന്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി നിയാസിനെ നേരിടുന്നു.
നഗരത്തില്‍ ഇടതുപക്ഷത്തിന്‍െറ തണലായി നിലകൊണ്ട മുല്ലവീട്ടില്‍ അബ്ദുറഹ്മാന്‍െറ മകന്‍ മുല്ലവീട്ടില്‍ മൊയ്തീന്‍ കോയയാണ് മത്സരരംഗത്തുള്ള മറ്റൊരാള്‍. കൊളത്തറ വാര്‍ഡില്‍നിന്ന് ഇദ്ദേഹം ജനവിധി തേടുമ്പോള്‍ എതിരാളി യു.ഡി.എഫിലെ മൂസക്കോയയാണ്. കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി.കെ. രേണുകാദേവിയുടെ ഭര്‍ത്താവ് നമ്പോല്‍പറമ്പത്ത് പത്മനാഭന്‍ നായര്‍ മത്സരിക്കുന്നതാണ് മറ്റൊരു ബന്ധുവിശേഷം. സി.പി.എമ്മുകാരിയായ രേണുകയുടെ ഭര്‍ത്താവ് പക്ഷേ, എല്‍.ഡി.എഫിലെതന്നെ എന്‍.സി.പിയുടെ സ്ഥാനാര്‍ഥിയാണ്.
സി. മോഹനന്‍ ഇവിടെ യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്നു. വെള്ളിമാട്കുന്ന് വാര്‍ഡില്‍ നിലവിലുള്ള കൗണ്‍സിലര്‍ ബാലഗോപാലിന്‍െറ ഭാര്യ പ്രമീള ബാലഗോപാല്‍ യു.ഡി.എഫിനുവേണ്ടി കളത്തിലിറങ്ങുമ്പോള്‍ സിറ്റിങ് കൗണ്‍സിലര്‍ ജാനമ്മ കുഞ്ഞുണ്ണിയാണ് എല്‍.ഡി.എഫിനുവേണ്ടി രംഗത്തുള്ളത്.
തടമ്പാട്ടുതാഴം വാര്‍ഡില്‍ യു.ഡി.എഫിനുവേണ്ടി ജനവിധി തേടുന്ന ഡോ. പി.പി. ഗീത കോണ്‍ഗ്രസ് നേതാവും മുന്‍ പി.എസ്.സി അംഗവുമായ ടി.എം. വേലായുധന്‍െറ ഭാര്യയാണ്. കെ. രതീദേവിയാണ് എല്‍.ഡി.എഫിനുവേണ്ടി ഇവരെ നേരിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.