ബീഫ് റെയ്ഡ്: മലയാളിയുടെ ആത്മാഭിമാനത്തെ കേന്ദ്രസർക്കാർ ചോദ്യംചെയ്തെന്ന് പിണറായി
text_fieldsന്യൂഡൽഹി: കേരള ഹൗസിൽ റെയ്ഡ് നടത്തിയത് വഴി മലയാളിയുടെ ആത്മാഭിമാനത്തെയും ഭക്ഷണരീതിയെയും കേന്ദ്രസർക്കാർ ചോദ്യം ചെയ്തെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയൻ. കേരളത്തിൻറെ അഭിമാനത്തെ കേന്ദ്രസർക്കാർ വ്രണപ്പെടുത്തി. കേന്ദ്ര^സംസ്ഥാന സർക്കാറുകൾക്കിടയിലെ ഫെഡറൽ തത്വമാണ് ലംഘിച്ചതെന്നും പിണറായി പറഞ്ഞു. ഗോമാംസം വിളമ്പിയെന്ന് ആരോപിച്ച് പൊലീസ് റെയ്ഡ് നടത്തിയതിനെതിരെ കേരളഹൗസിൽ ധർണ നടത്തിയ ഇടത് എം.പിമാരെ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
രാജ്യത്ത് വർഗീയ ചേരിതിരിപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നത് വ്യക്തികളാണ്. കേരളത്തിലെ 70 ശതമാനത്തോളം വരുന്ന ആർ.എസ്.എസുകാർ ബീഫ് ഇറച്ചി കഴിക്കുന്നവരാണ്. ബി.ജെ.പി സർക്കാറിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. ബീഫിൻറെ പേരിൽ റെയ്ഡ് നടത്തിയതിൽ പ്രതിഷേധിക്കാൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഡൽഹിയിലെത്തണമായിരുന്നു. വിഷയത്തിൽ മൃദുസമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. താൽകാലിക ലാഭത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി ഈ നിലപാടെടുത്തതെന്നും പിണറായി ആരോപിച്ചു.
ബീഫ് റെയ്ഡിൽ പ്രതിഷേധിക്കാൻ ഇടത് എം.പിമാർ കേരള ഹൗസിൻറെ മുമ്പിൽ പ്രതിഷേധ ധർണ നടത്തി. എ. സമ്പത്ത്, സി.പി നാരായണൻ, പി.കെ ശ്രീമതി എന്നിവരാണ് ധർണ നടത്തിയത്.
അതേസമയം, ഗോമാംസം വിളമ്പിയെന്ന് ആരോപിച്ച് കേരള ഹൗസില്‍ പൊലീസ് റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രംഗത്തെത്തി. സർക്കാർ സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയത് ശരിയായില്ലെന്ന് കെജ്‌രിവാൾ പറഞ്ഞു. ഡൽഹി പൊലീസ് ബി.ജെ.പിസേനയെ പോലെ പ്രവർത്തിക്കുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിലപാടിനെ പിന്തുണക്കുന്നതായും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
കേരള ഹൗസിൽ പൊലീസ് റെയ്ഡ് നടത്തിയത് അപലപനീയമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.
കേരള ഹൗസിൽ പോത്തിറച്ചി വിളമ്പുന്നത് തുടരുമെന്ന് റസിഡൻറ് കമ്മീഷണർ അറിയിച്ചു.
കേരള ഹൗസിൽ ഡൽഹി പൊലീസ് റെയ്‍ഡ് നടത്തിയിട്ടില്ലെന്ന് കമ്മീഷണർ ബി.എസ് ബസ്സി പറഞ്ഞു. പരാതിയെ തുടർന്നുള്ള കരുതൽ നടപടി മാത്രമായിരുന്നു പൊലീസിൻറെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.