ബീഫ് ഫെസ്റ്റിവലിനെ എതിർത്തത് ബുദ്ധിശൂന്യതയെന്ന് പി.എസ്. ശ്രീധരൻപിള്ള
text_fieldsതൃശൂർ: കേരളത്തിൽ ബീഫ് ഫെസ്റ്റിവലുകളെ സംഘ് പരിവാർ സംഘടനകളിൽപെട്ട ചിലർ എതിർത്തത് ബുദ്ധി ശൂന്യതയായെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം അഡ്വ. പി.എസ് ശ്രീധരൻ പിള്ള. ബീഫ് ഫെസ്റ്റിവലുകൾ രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് അവസാനിച്ചേനെ. എതിർക്കാൻ പോയതിനാൽ ഉത്തരേന്ത്യയിലേത് പോലെ ഗോവധം കേരളത്തിലും വൈകാരിക പ്രശ്നമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ പശു ഇറച്ചി കഴിക്കരുതെന്നോ കഴിക്കണമെന്നോ ആരും പറഞ്ഞിട്ടില്ല. ഭക്ഷണ കാര്യത്തിൽ നിയമങ്ങൾ അടിച്ചേൽപിക്കുന്നതു തെറ്റാണ്. എന്നാൽ, ഗോ മാംസത്തെപറ്റി കേരളത്തിൽ ഇപ്പോൾ കാണുന്നത് വൃത്തികെട്ട രാഷ്ട്രീയമാണ്. ഇഷ്ടപ്പെടാത്ത സർക്കാർ അധികാരത്തിൽ വന്നാൽ െവച്ചു പൊറുപ്പിക്കില്ലെന്ന ധാർഷ്ട്യമാണ് പ്രശ്നങ്ങൾ വഷളാക്കുന്നവരുടെ മനസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഗോമാംസ വിഷയം മാറ്റിവെച്ച് നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റവും ഇറക്കവും പൊതുസമൂഹവും മാധ്യമങ്ങളും ചർച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.