തദ്ദേശ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നവംബറില്‍; തിയതി പിന്നീട്
text_fieldsതിരുവനന്തപുരം: പുതുതായി രൂപവത്കരിച്ച 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും ഉള്‍പ്പെടെ തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ 17നകം. ഒറ്റഘട്ടമായി ഒന്നിടവിട്ട് രണ്ടു ദിവസങ്ങളിലായാകും വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.
സര്‍ക്കാറും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും തമ്മില്‍ ഏറ്റുമുട്ടലിന്‍െറ വക്കോളമത്തെിയ തര്‍ക്കങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും നിയമ നടപടികളടക്കമുള്ളവക്കും ശേഷമാണ് തിങ്കളാഴ്ച കമീഷന്‍ തീരുമാനം പ്രഖ്യാപിച്ചത്. ശബരിമല തീര്‍ഥാടന കാലത്തിനു മുമ്പ് വോട്ടെടുപ്പ് വേണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് തീരുമാനം അറിയിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ കെ. ശശിധരന്‍ നായര്‍ വ്യക്തമാക്കി. നവംബര്‍ 17നാണ് മണ്ഡലകാലത്തിന് തുടക്കം കുറിക്കുന്ന വൃശ്ചികം ഒന്ന്.
അതേസമയം, നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മാത്രമാണ് കമീഷണര്‍ അറിയിച്ചത്. നവംബര്‍ ഒന്നിന് പുതിയ ഭരണ സമിതി അധികാരമേല്‍ക്കുംവിധം ഒക്ടോബറില്‍ തന്നെ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം കമീഷന്‍ അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ കേസ് വന്ന ഘട്ടത്തില്‍ സര്‍ക്കാറും കമീഷനും തമ്മില്‍ എത്തിയ ധാരണ പ്രകാരമാണ് നടപടികള്‍. ഒക്ടോബര്‍ 14ന് മുമ്പ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് ആലോചന. തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷനാണ് കൈക്കൊള്ളേണ്ടതെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. കമീഷന്‍ തീരുമാനത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്തപ്പോള്‍ സര്‍ക്കാറിന്‍െറ സമ്മര്‍ദങ്ങള്‍ക്ക് കമീഷന്‍ വഴങ്ങിയെന്ന് പ്രതിപക്ഷം ആരോപിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗം സമവായത്തിലത്തെിയില്ല.
നവംബറില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് കമീഷണര്‍ അറിയിച്ചു. ശബരിമല തീര്‍ഥാടനം ആരംഭിച്ച ശേഷമുള്ള തെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചും ഡിസംബര്‍ ഒന്നിനു മുമ്പായി പുതിയ ഭരണസമിതി വരത്തക്കവിധവും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കും. ബ്ളോക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പുനര്‍വിഭജനനടപടികള്‍ പൂര്‍ത്തിയാകുന്നത് അനുസരിച്ചാവും തീയതി പ്രഖ്യാപനം. പുതിയ 28 മുനിസിപ്പാലിറ്റികളിലേക്കും കണ്ണൂര്‍ കോര്‍പറേഷനിലേക്കും പുനര്‍ രൂപവത്കരിച്ച കൊല്ലം കോര്‍പറേഷനിലേക്കും ഉള്‍പ്പെടെയാവും തെരഞ്ഞെടുപ്പ്.
പുതുതായി രൂപവത്കരിച്ച മുനിസിപ്പാലിറ്റികള്‍ പ്രാബല്യത്തിലായതിനാല്‍ അവിടെയും തെരഞ്ഞെടുപ്പ് നടത്തേണ്ട ബാധ്യത കമീഷനുണ്ട്. ഇവ ഒഴിവാക്കി തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കാനും കഴിയില്ല. വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച ചില നടപടിക്രമങ്ങളാണ് ഇനി ശേഷിക്കുന്നത്. 13 ജില്ലകളിലെ 30 ബ്ളോക് പഞ്ചായത്തുകളുടെ പുനര്‍വിഭജനത്തിനുള്ള കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്‍െറ നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് വേഗം പൂര്‍ത്തിയാക്കാന്‍ ഡീലിമിറ്റേഷന്‍ കമീഷന് നിര്‍ദേശം നല്‍കും. ഒക്ടോബര്‍15നകം പുനര്‍വിഭജനനടപടികള്‍ പൂര്‍ത്തിയാക്കാമെന്നാണ് സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളതെങ്കിലും ഇതിനുമുമ്പുതന്നെ നടപടികള്‍ തീര്‍ക്കാനാണ് ശ്രമം. ഒക്ടോബര്‍ 31ന് നിലവിലെ ഭരണസമിതികളുടെ കാലാവധി തീര്‍ന്നാല്‍ അഡ്മിനിസ്ട്രേറ്റിവ് ഭരണം നിലവില്‍ വരും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ എല്ലാ നിയന്ത്രണങ്ങളും കമീഷനായിരിക്കും. ഇതുസംബന്ധിച്ച തെറ്റിദ്ധാരണകള്‍ ശരിയല്ല. സര്‍ക്കാറുമായി അഭിപ്രായഭിന്നതയില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം ആദ്യം പുറപ്പെടുവിക്കുന്നത് സര്‍ക്കാറാണ്. ഇതിന് അനുബന്ധമായാണ് കമീഷന്‍ വിജ്ഞാപനമിറക്കുന്നത്. അതേസമയം, നേരത്തേ പൂര്‍ത്തീകരിക്കേണ്ട കാര്യങ്ങള്‍ സമയബന്ധിതമായി നടത്താത്തതിനാലാണ് തെരഞ്ഞെടുപ്പ് നീളുന്ന സാഹചര്യമുണ്ടായത്. ഇതിന് ആരെയും കുറ്റപ്പെടുത്തുന്നില്ല. നഗരസഭകളുടെ തെരഞ്ഞെടുപ്പ് ആദ്യം നടത്തുന്നതിന് പ്രായോഗിക പ്രശ്നങ്ങളുണ്ട്. ചെലവ് കൂടും. ആദ്യത്തെ ഫലം രണ്ടാമത്തെ തെരഞ്ഞെടുപ്പിനെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ഒറ്റഘട്ടമായി നടത്തുന്നതെന്നും ശശിധരന്‍ നായര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമീഷന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തണമെന്ന ആവശ്യമാണ് എല്‍.ഡി.എഫും ബി.ജെ.പിയും ഉന്നയിച്ചത്. മണ്ഡലകാലമായതിനാല്‍ നവംബര്‍ അവസാനത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടരുതെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് നവംബറില്‍ നടത്താമെന്നാണ് യു.ഡി.എഫ് അറിയിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പതിവ് നടപടിക്രമത്തിന്‍െറ ഭാഗമായാണ് സര്‍വകക്ഷിയോഗം വിളിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.