തെരുവുനായ കുട്ടിയെ കടിച്ചുകീറിയ സംഭവം: ബാലാവകാശ കമീഷന്‍ കേസെടുത്തു
text_fieldsകൊച്ചി: കോതമംഗലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുവയസ്സുകാരന്‍ ദേവനന്ദന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കുട്ടിയുടെ ചികിത്സക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കാമെന്ന് നടന്‍ മമ്മൂട്ടിയും അറിയിച്ചിട്ടുണ്ട്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ദേവനന്ദനെ തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
സംസ്ഥാന ബാലാവകാശ കമീഷന്‍ അധികൃതരില്‍നിന്ന് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്വയംഭരണം, ആരോഗ്യം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍, എറണാകുളം ജില്ലാ കലക്ടര്‍, കോതമംഗലം നഗരസഭാ സെക്രട്ടറി എന്നിവര്‍ പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.
കുട്ടിയുടെ കണ്ണിനും മുഖത്തുമുള്ള പരിക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ട് കണ്ണുകള്‍ക്കും ചുണ്ടിനും കഴുത്തിന് പിന്‍ഭാഗത്തും കടിയേറ്റ് ആഴത്തില്‍ മുറിവുണ്ട്. ശസ്ത്രക്രിയക്കുശേഷം പ്ളാസ്റ്റിക് സര്‍ജറി നടത്തും.
ഞായറാഴ്ചയാണ് വീടിന്‍െറ വരാന്തയില്‍ കളിക്കവേ കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തൃക്കാരിയൂര്‍ ആമല അമ്പോലിക്കാവിന് സമീപം തൃക്കാരുകുടിയില്‍ രവിയുടെയും അമ്പിളിയുടെയും മകനാണ് ദേവനന്ദന്‍. കുഞ്ഞിന് ചോറെടുക്കാന്‍ അമ്പിളി അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു നായയുടെ ആക്രമണം. നായ വരാന്തയില്‍നിന്ന് കുട്ടിയെ കടിച്ചുവലിച്ച് മുറ്റത്തേക്കിട്ട് വീണ്ടും കടിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.