സി.പി.എം കണ്ണന്‍ ദേവന്‍ മാനേജ്മെന്‍റിനെ വെള്ളപൂശുന്നു -ഷിബു ബേബി ജോണ്‍
text_fieldsകൊല്ലം: മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം സര്‍ക്കാറിനെതിരെ തിരിച്ചുവിടണമെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ കണ്ണന്‍ ദേവന്‍ മാനജ്മെന്‍റിനെ വെള്ളപൂശാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ഷിബു ബേബിജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബോണസ് മാത്രമല്ല, 10 സെന്‍റ് ഭൂമിയും വേണമെന്നാണ് കോടിയേരി പറയുന്നത്. മൂന്നാറിലെ സമരം തുടങ്ങിയത് തൊഴിലാളി യൂനിയനുകള്‍ക്കെതിരെയാണ്. സി.പി.എം സംസ്ഥാനതലത്തില്‍ സമരം ഏറ്റെടുക്കുന്നെങ്കില്‍ തൊഴിലാളികള്‍ തള്ളിപ്പറഞ്ഞവര്‍ക്കെതിരെ സംഘടന നടപടിയെടുത്ത ശേഷമാകണം.
ബോണസ് അടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് ഞായറാഴ്ച എറണാകുളം ഗെസ്റ്റ് ഹൗസില്‍ ചര്‍ച്ച നടക്കും. രാവിലെ 11ന് നടക്കുന്ന ചര്‍ച്ചയില്‍ തൊഴില്‍മന്ത്രിക്കു പുറമെ മന്ത്രി ആര്യാടന്‍ മുഹമ്മദും കണ്ണന്‍ ദേവന്‍ കമ്പനി മാനേജ്മെന്‍റും തൊഴിലാളി യൂനിയന്‍ നേതാക്കളും സംബന്ധിക്കും. നിലവിലെ വ്യവസായബന്ധ നിയമപ്രകാരം അംഗീകൃത യൂനിയനുകളുമായി മാത്രമേ ചര്‍ച്ച നടത്താനും കരാര്‍ ഒപ്പിടാനും കഴിയുകയുള്ളൂ. അതിനാല്‍ സമരം ചെയ്യുന്നവരുടെ പ്രതിനിധികളെ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സമരക്കാരുടെ 25 പ്രതിനിധികളെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി അവരുടെ പ്രശ്നങ്ങള്‍ മുഴുവന്‍ കേട്ടിരുന്നു. ബോണസ് മാത്രമല്ല, മറ്റു നിരവധി പ്രശ്നങ്ങളുണ്ട്. അതു തൊഴില്‍വകുപ്പിന് മാത്രം പരിഹരിക്കാനും കഴിയില്ല. ഇവ പരിഹരിക്കാന്‍ എല്ലാ വകുപ്പുകളുടെയും സഹകരണം തേടും.
കണ്ണന്‍ ദേവന്‍ കമ്പനിയിലെ കീഴ്വഴക്കമനുസരിച്ച് അവിടെയാണ് ബോണസ് ചര്‍ച്ച നടക്കുന്നത്. ഇത്തവണ ബോണസ് സംബന്ധിച്ച് ആരും തൊഴില്‍വകുപ്പിന് പരാതി നല്‍കിയിരുന്നില്ല. സ്ത്രീ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചയുടന്‍ മേഖലാ ജോയന്‍റ് ലേബര്‍ കമീഷണര്‍ ചര്‍ച്ചക്ക് വിളിച്ചിരുന്നു. അവിടെ പരിഹാരം കാണാത്തതിനാല്‍ പിറ്റേന്ന് മന്ത്രിതല ചര്‍ച്ച നടത്തി. ഇതിന്‍െറ തുടര്‍ച്ചയാണ് ഞായറാഴ്ച നടക്കുന്ന ചര്‍ച്ച. കലക്ടര്‍ മുഖേന തൊഴിലാളികളെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. 10 സെന്‍റ് ഭൂമി വേണമെന്ന ആവശ്യം തൊഴിലാളികള്‍ ഉന്നയിച്ചിട്ടില്ല.
മൂന്നാറിലേത് അസാധാരണ സംഭവമായതിനാല്‍ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ എല്ലാ വഴികളും തേടുന്നുണ്ട്. മൂന്നാറില്‍ പോയി കൈയടി വാങ്ങുകയല്ല ലക്ഷ്യം. വി.എസിന്‍െറ മൂന്നാര്‍ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നു. വി.എസ് മധ്യസ്ഥന്‍െറ റോള്‍ വഹിക്കണം. തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചത് ഈ സര്‍ക്കാര്‍ വന്ന ശേഷമാണ്. മൂന്നു വര്‍ഷ കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ കൂലി പുതുക്കുന്നതിന് ചര്‍ച്ച നടക്കുന്നു. രോഗികളെ വെല്ലുവിളിച്ച് സമരം നടത്തുന്ന ഡോക്ടര്‍മാക്കെതിരെ എസ്മ പ്രയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.