ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മൂന്നാറില്‍ തൊഴിലാളികള്‍ക്കൊപ്പം ഇരിക്കും -വി.എസ്
text_fieldsമൂന്നാര്‍: ഒമ്പതാം ദിവസത്തിലേക്ക് കടന്ന തോട്ടം തൊഴിലാളികളുടെ ഐതിഹാസിക സമരത്തിന് പിന്തുണയറിയിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മൂന്നാറിലെത്തി. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത കണ്ണന്‍ ദേവന്‍ കമ്പനിക്കും പ്രശ്നം പരിഹരിക്കാത്ത സംസ്ഥാന സര്‍ക്കാറിനും എതിരെ വി.എസ് ആഞ്ഞടിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ തൊഴിലാളികള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുക്കുമെന്നും വി.എസ് പ്രഖ്യാപിച്ചു. കണ്ണന്‍ ദേവന്‍ കമ്പനിയെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണം. തൊഴിലാളികളുടെ ആവശ്യങ്ങള്‍ കണ്ടില്ളെന്ന് നടിക്കരുത്. തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട വെട്ടികുറച്ച ബോണസ് പുനഃസ്ഥാപിക്കുകയും അത് 20 ശതമാനമായി ഉയര്‍ത്തുകയും വേണം. ദിവസ വേതനം 232 രൂപയില്‍ നിന്ന് 500 രൂപയായി വര്‍ധിപ്പിക്കണമെന്നും വി.എസ് പറഞ്ഞു. 98 ശതമാനം ഓഹരികളും തൊഴിലാളികളുടേതാണെന്നും അതുകൊണ്ട് അഞ്ച് കോടി രൂപ മാത്രം ലാഭമുള്ള കമ്പനിക്ക് 20 ശതമാനം ബോണസ് നല്‍കാന്‍ കഴിയില്ളെന്നുമാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ പറയുന്നത്. തൊഴിലാളി പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് കമ്പനിയാണ്. ഇവരാണ് ലാഭനഷ്ടങ്ങള്‍ കണക്കാക്കുന്നത്. തൊഴിലാളികളുടെ പേരെഴുതിവെച്ച് ടാറ്റയുടെ പിണിയാളായി തട്ടിപ്പു നടത്തുകയാണ് കണ്ണന്‍ ദേവന്‍ കമ്പനി. കമ്പനി മാനേജര്‍മാര്‍ ബോണസ് ഇനത്തില്‍ ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് തുച്ഛമായ കാശാണ് ലഭിക്കുന്നത്. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന 10 ശതമാനം ബോണസ് വര്‍ധന എന്നത് 3,000 രൂപയില്‍ താഴെയാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.
ഏറ്റവും ഗുണമേല്‍മയുള്ള മൂന്നാറിലെ തേയില ടാറ്റക്ക് വില്‍ക്കുന്നത് കിലോഗ്രാമിന് 64 രൂപയ്ക്കാണ്. എന്നാല്‍, ടാറ്റ 264 രൂപയ്ക്കാണ് തേയില വിപണിയില്‍ വിറ്റഴിക്കുന്നത്. ഇതിന് പിന്നില്‍ കള്ളക്കളിയുണ്ട്. ആയിരക്കണക്കിന് തൊഴിലാളികള്‍ ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ മഞ്ഞും മഴവും വെയിലും കൊണ്ട് പാടുപെടുകയാണ്. അതിനാല്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ അംഗീകരിക്കണമെന്നും അവരെ മൂന്നാറിലെ കലുഷിതമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടരുതെന്നും വി.എസ്. ആവശ്യപ്പെട്ടു.
മറ്റ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങള്‍ തോട്ടം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ചികിത്സാ സൗകര്യങ്ങളും വൃത്തിയുള്ള പാര്‍പ്പിടങ്ങളും കണ്ണന്‍ ദേവന്‍ കമ്പനി നല്‍കാറുമില്ല. മാനേജ്മെന്‍റിനും പാര്‍ശ്വവര്‍ത്തികളായ ആളുകള്‍ക്കും വേണ്ടി കോടികള്‍ ചെലവഴിച്ചു ബംഗ്ളാവുകളും പഞ്ചനക്ഷത്ര സൗകര്യങ്ങളും ചെയ്തു കൊടുക്കാനാണ് കമ്പനിക്ക് താല്‍പര്യം. മൂന്നു വര്‍ഷത്തിലൊരിക്കല്‍ കൂലി വര്‍ധിപ്പിക്കാനുള്ള നടപടി കമ്പനി സ്വീകരിക്കണം. കൂലി പരിഷ്കരണം നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിന് മനുഷ്യത്വപരമായ സമീപനം സര്‍ക്കാറും കമ്പനിയും സ്വീകരിക്കണമെന്നും വി.എസ് പറഞ്ഞു.
1971ലെ കെ.ഡി ആക്ട് പ്രകാരം മൂന്നാര്‍ പഞ്ചായത്തിലെ മുഴുവന്‍ ഭൂമിയും സര്‍ക്കാറില്‍ നിക്ഷിപ്തമാണ്. പിന്നീട് കമ്പനിയുടെ അപേക്ഷ പരിഗണിച്ച് 57000 ഏക്കര്‍ ഭൂമി കൃഷിക്കായി നല്‍കുകയായിരുന്നു. ഇതില്‍ 14000 ഏക്കര്‍ ഭൂമി തൊഴിലാളികളുടെ പാര്‍പ്പിടം, മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കൈമാറിയത്. എന്നാല്‍ ഇപ്പോഴും കന്നുകാലി കൂടിന് സമാനമായാണ് തൊഴിലാളികള്‍ ലയങ്ങളില്‍ കഴിയുന്നത്. കമ്പനിയുടെ കൈവശമുള്ള അധിക ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അളന്നു നല്‍കിയ ഭൂമി തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും വി.എസ് വ്യക്തമാക്കി.
ആനുകൂല്യങ്ങള്‍ ട്രേഡ് യൂണിയനുകളുടെ പേരു പറഞ്ഞ് ചിലര്‍ തട്ടിയെടുക്കുന്നതായി തൊഴിലാളികള്‍ക്ക് ആക്ഷേപമുണ്ട്. അത് അതീവ ഗൗരവമുള്ള കാര്യമാണ്. ന്യായമായ ആവശ്യങ്ങളും ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണം. ഇല്ളെങ്കില്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണം. തോട്ടം തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്നും വി.എസ് പറഞ്ഞു.
തൊഴിലാളികളുടെ ഭാഗത്ത് ന്യായവും സത്യവും ഉള്ളതു കൊണ്ട് മൂന്നാര്‍ സമരം വിജയിക്കുക തന്നെ ചെയ്യും. തൊഴിലാളികളുടെ ക്ഷമ പരീക്ഷിക്കരുതെന്നും വി.എസ് മുന്നറിയിപ്പ് നല്‍കി.
ആലുവയില്‍ നിന്ന് ഉച്ചക്ക് 12 മണിയോടെ മൂന്നാറിലെത്തിയ വി.എസിന് വന്‍വരവേല്‍പ്പാണ് തോട്ടം തൊഴിലാളികള്‍ നല്‍കിയത്. തൊഴിലാളികളുടെ അടുക്കലെത്തിയ വി.എസ് അവരോടൊപ്പം റോഡിലിരുന്നാണ് സമരക്കാരെ അഭിസംബോധന ചെയ്തത്. "മൂന്നാറിലെ അന്‍പാന മക്കളെ" എന്ന് തമിഴില്‍ അഭിസംബോധന ചെയ്താണ് വി.എസ് പ്രസംഗം ആരംഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.