മൂന്നാം ലിംഗക്കാരുടെ നേരുകളുമായി ‘ട്രാന്‍സ്’ എത്തുന്നു
text_fieldsതിരുവനന്തപുരം: സമൂഹം മൂന്നാം കണ്ണോടെ എന്നും മാറ്റി നിര്‍ത്തിയ ഭിന്നലിംഗക്കാരുടെ ജീവിതം ‘മാധ്യമം’ ഫോട്ടോഗ്രാഫര്‍ അഭിജിത് ഫ്രെയിമില്‍ പകര്‍ത്താന്‍ തുടങ്ങിയത് എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഇന്നും സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ തന്നെയാണ് അവരുടെ ജീവിതം.
എട്ടുവര്‍ഷത്തെ നൂറിലധികം നിശ്ചചല ദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ചപ്പോള്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ എന്നറിയപ്പെടുന്ന മൂന്നാം ലിംഗക്കാരുടെ ജീവിതത്തിലെ പൊള്ളുന്ന നേരുകളായി. ‘ട്രാന്‍സ്’ എന്നാണ് ഈ ഫോട്ടോ ഡോക്യുമെന്ററിക്ക് അഭിജിത് പേരിട്ടിരിക്കുന്നത്. ഭിന്നലിംഗത്തിലുള്ളവര്‍ നേരിടുന്ന വെല്ലുവിളികളാണ് ട്രാന്‍സിന്റെ പ്രമേയം.
സമയമാപിനികളെയെല്ലാം നിശ്ചലമാക്കുന്ന തരത്തില്‍ രക്തം മരവിച്ച്പോവുന്ന അനുഭവങ്ങള്‍ തന്ന കാലമായിരുന്നു ആ എട്ടു വര്‍ഷങ്ങള്‍ എന്ന് അഭിജിത് പറയുന്നു. മൂന്നാംലിഗക്കാരുടെ അരിക് ജീവിതത്തിന്റെ ചരിത്ര രേഖ കൂടിയാണ് ഇത്.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രാന്‍സ് ജെന്‍ഡറുകളുടെ കൂടി ജീവിതരേഖയായ ‘ട്രാന്‍സ്’ ഡോക്യുമെന്ററി പ്രദര്ശനത്തിനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 22ന് വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ്ക്ളബ്ബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ‘ട്രാന്‍സ്’ പ്രദര്‍ശിപ്പിക്കും. സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ ഫോട്ടോ ഡോക്യുമെന്ററിയുടെ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിക്കും. ജെന്‍ഡര്‍ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ എ.രേവതി, തിയറ്റര്‍ ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ എയ്ഞ്ചല്‍ ഗ്ളാഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
41 മിനുട്ട് ദൈര്‍ഘ്യമുള്ള ഫോട്ടോ ഡോക്യുമെന്ററി നിശ്ചലചായാഗ്രഹണത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കിയാണ് തയ്യാറാക്കിയത്. ജില്‍ജിത്ത് ആണ് എഡിറ്റിംഗ് നിര്‍വഹിച്ചത്. സംഗീതം എ.എസ്. അജിത് കുമാര്‍. കാമ്പസുകളിലൂടെയും ചലച്ചിത്ര കൂട്ടായ്മകളിലൂടെയും മറ്റും ട്രാന്‍സ് സമൂഹത്തിന്റെ മുന്നിലത്തെിക്കാനാണ് അഭിജിത്തിന്റെ ശ്രമം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.