വയനാട്ടില്‍ ആദിവാസി യുവാവിനെ നിര്‍ബന്ധിത വന്ധ്യംകരണത്തിനിരയാക്കി
text_fieldsപുല്‍പള്ളി: ആദിവാസികള്‍ ചൂഷണത്തിനിരയാവുന്ന സംഭവങ്ങള്‍ക്ക് അറുതിയില്ല. കോഴിക്കോട് ആദിവാസി കോളനിയില്‍ പട്ടിണി മൂലം യുവതി മരിച്ചതിനു തൊട്ടുപിന്നാലെ വയനാട് പുല്‍പള്ളിയിലെ ആദിവാസി കോളനിയില്‍ നിന്ന് മറ്റൊരു വാര്‍ത്ത. പാലമൂല കോളനിയിലെ യുവാവിനെ നിര്‍ബന്ധിത വന്ധ്യംകരണത്തിനിരയാക്കി. കോളനിയിലെ ചന്ദ്രനെ(30)യാണ് പുല്‍പള്ളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സമ്മതമില്ലാതെ വന്ധ്യംകരണ ശസ്ത്രക്രിയക്കിരയാക്കിയത്. ചന്ദ്രന് കുട്ടികളില്ല.
കൂലിപ്പണിക്കാരനായ തന്നെ ടി.റ്റി ഇഞ്ചക്ഷന്‍ എടുക്കാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി രക്തവും മൂത്രവും പരിശോധിപ്പിച്ച് സമ്മതപത്രത്തില്‍ ഒപ്പിടുവിച്ചെന്ന് പുല്‍പള്ളി പൊലീസില്‍ നല്‍കിയ പരാതിയില്‍ ചന്ദ്രന്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് ആശുപത്രി അധികൃതരോട് ഡി.എം.ഒ റിപോര്‍ട്ട് തേടി. റിപോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍ നടപടികള്‍ ഉണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവര്‍ത്തകര്‍ ആശുപത്രിക്കു മുന്നില്‍ പ്രകടനം നടത്തി. ആദിവാസികളെ ലക്ഷ്യമിട്ട് നടത്തുന്ന നിര്‍ബന്ധിത വന്ധ്യംകരണം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവം വിവാദമായതോടെ വയനാട് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ യുവാവിനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.