ആകാശവാണിയിലൂടെ ഒഴുകിയെത്തിയ കുയില്‍ നാദം
text_fieldsകൊച്ചി: ആകാശവാണിയിലെ ശ്രുതിമധുരമായ ലളിതഗാനങ്ങളിലൂടെയാണ് രാധിക തിലക് എന്ന ഗായിക മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടുന്നത്. മെഗാ ഷോകളുടെ കാലത്തിനുമുമ്പേ സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യം കൂടിയായിരുന്നു രാധിക. യേശുദാസ്, എം.ജി ശ്രീകുമാര്‍, എസ്. ജാനകി തുടങ്ങിയ മുന്‍നിര ഗായകര്‍ക്കൊപ്പം ഒട്ടനവധി പരിപാടികളില്‍ രാധിക പാടി. സ്റ്റേജ് ഷോകളുമായി രാധിക സഞ്ചരിക്കാത്ത സ്ഥലങ്ങളില്ല. ദൂരദര്‍ശന്‍, ആകാശവാണി, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചും രാധിക ശ്രദ്ധനേടി. സംഗീതത്തോട് ആഭിമുഖ്യമുള്ള കുടുംബത്തിലായിരുന്നു ജനനം. ചെറുപ്പത്തിലേ സംഗീതം അഭ്യസിച്ചു. ഗായകരായ സുജാതയും വേണുഗോപാലും ബന്ധുക്കളായതിനാല്‍ ഓര്‍മവെച്ച നാള്‍ മുതല്‍ സംഗീതത്തിന്‍െറ വഴിയില്‍ നടക്കാനായിരുന്നു രാധികക്ക് ഇഷ്ടം.
വല്യമ്മയുടെ മകളായ സുജാതയായിരുന്നു രാധികയുടെ റോള്‍ മോഡല്‍. പ്ളസ് ടു പഠനം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ആദ്യ സ്റ്റേജ് ഷോ ചെയ്യുന്നത്. ദുബൈയിയിലായിരുന്നു പരിപാടി. കോളജ് പഠനകാലത്ത് ദൂരദര്‍ശനിലും ആകാശവാണിയിലും അവസരങ്ങള്‍ ലഭിച്ചു. കോളജ് കലോത്സവങ്ങളില്‍ ലളിതഗാനം ഉള്‍പ്പെടെ മത്സരങ്ങളില്‍ മൂന്നുവര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിനിടെയാണ് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. 1989ല്‍ സംഘഗാനം എന്ന ചിത്രത്തിനായി ലോഹിതദാസ് ഈണമിട്ട പുല്‍ക്കൊടിത്തുമ്പിലും എന്നു തുടങ്ങുന്നതായിരുന്നു ആദ്യഗാനം.
ജാക്സണ്‍ ആന്‍റണി, ബേണി ഇഗ്നേഷ്യസ്് എന്നിവരുടെ ഗാനങ്ങളില്‍ പാടിയെങ്കിലും 1991ല്‍ പുറത്തുവന്ന ഒറ്റയാള്‍ പട്ടാളത്തില്‍ ശരത് ഈണമിട്ട മായാമഞ്ചലില്‍, ചെപ്പുകിലുക്കണ ചങ്ങാതി എന്ന ചിത്രത്തിനായി ജോണ്‍സണ്‍ സംഗീതം പകര്‍ന്ന ചന്ദനം പെയ്തു പിന്നെയും എന്നീ ഗാനങ്ങളാണ് പിന്നണി ഗാനരംഗത്തെ രാധികയുടെ വരവ് അടയാളപ്പെടുത്തിയത്.
ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ ആ സ്വരമാധുരിയില്‍ പിറന്നു. ശരത്, ജോണ്‍സണ്‍, രവീന്ദ്രന്‍, ഇളയരാജ, മോഹന്‍ സിതാര, വിദ്യാസാഗര്‍, എം.കെ. അര്‍ജുനന്‍, എം.ജി. രാധാകൃഷ്ണന്‍, സുരേഷ് പീറ്റേഴ്സ് തുടങ്ങി മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകരുടെ ഗാനങ്ങള്‍ക്ക് ശബ്ദമേകി. 2013ല്‍ രവീന്ദ്രന്‍െറ സംഗീതത്തില്‍ ആട്ടക്കഥ എന്ന ചിത്രത്തിനായി വിജയ് യേശുദാസിനൊപ്പം ആലപിച്ച മുത്തണി മണി വിരലാല്‍ എന്നതാണ് അവസാന ഗാനം. സിനിമ ഗാനങ്ങളെക്കാള്‍ രാധിക ആലപിച്ചത് ഭക്തിഗാനങ്ങളായിരുന്നു. ഹിന്ദു, ക്രിസ്തീയ ഗാനങ്ങളില്‍ ഒരുപോലെ തിളങ്ങാന്‍ രാധികക്കായി. സ്കൂള്‍ നാളുകളില്‍ ഭജന്‍സ് പാടിയുള്ള അനുഭവമായിരുന്നു ഭക്തിഗാനങ്ങളിലെ ഭാവതീവ്രതക്ക് തുണയായത്.
ക്രിസ്ത്യന്‍ പള്ളികളിലെ ആരാധനകളിലും പ്രാര്‍ഥനകളിലും ഇന്നും കേള്‍ക്കുന്ന തിരുനാമകീര്‍ത്തനം പാടുവാനല്ളെങ്കില്‍ നാവെനിക്കെന്തിന് നാഥാ എന്ന ഗാനം രാധികയുടെ ഭാവത്രീവതക്ക് ഉദാഹരണമാണ്. ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ചശേഷം പെട്ടെന്ന് രാധിക സംഗീത രംഗത്തുനിന്ന് അപ്രത്യക്ഷമായി. ഭര്‍ത്താവിനൊപ്പം ഗള്‍ഫിലായിരുന്നു പിന്നീടുള്ള ജീവിതം. ഭര്‍ത്താവ് സുരേഷിനൊപ്പം ഇവന്‍റ് മാനേജിങ് രംഗത്തും രാധിക മികവ് പ്രകടിപ്പിച്ചു.
സംഗീത പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ പ്രത്യേക താല്‍പര്യം കാണിച്ചു. ദുബൈയില്‍ ദക്ഷിണാമൂര്‍ത്തി, ജോണ്‍സണ്‍, ബാബുരാജ്, രവീന്ദ്രന്‍ എന്നിവരുടെ സംഗീതസന്ധ്യകള്‍ നടത്തി. ആഘോഷവേളകളില്‍ മാത്രം ടെലിവിഷനുകളില്‍ മുഖംകാണിച്ചു. അഞ്ചുവര്‍ഷത്തെ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് കൊച്ചിയിലത്തെിയ രാധികയെ ഒടുവില്‍ അര്‍ബുദരോഗം കീഴടക്കി. സംഗീതത്തിലേക്കും അതുവഴി ജീവിതത്തിലേക്കും തിരിച്ചുവരാനുള്ള ശ്രമത്തിനിടെയായിരുന്നു രാധികയുടെ മരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.