ഹയര്‍സെക്കന്‍ഡറി സ്ഥലംമാറ്റം മരവിപ്പിച്ചു
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷനെ മറികടന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പ് നടത്തിയ സ്ഥലംമാറ്റം സര്‍ക്കാര്‍ മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടിക്ക് മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി എസ്. സെന്തിലിന് നിര്‍ദേശം നല്‍കി. വി.എച്ച്.എസ്.ഇ വിഭാഗത്തിലെ 166 സ്ഥലംമാറ്റങ്ങളും മരവിപ്പിച്ചു.
ഒക്ടോബര്‍ 18വരെയാണ് ജീവനക്കാരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിക്കുന്ന നടപടികള്‍. അതിനുശേഷം തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇല്ലാത്തവര്‍ക്ക് സ്ഥലംമാറ്റം ലഭിച്ച സ്കൂളിലേക്ക് പോകാം. എന്നാല്‍, അവിടെനിന്ന് മാറുന്ന അധ്യാപകനും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടാകാന്‍ പാടില്ല. ഡ്യൂട്ടിയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞേ പുതിയ സ്ഥലത്തേക്ക് പോകാനാകൂ. ഇതുമൂലം ഇതിനകം സ്ഥലം മാറിയവര്‍ക്ക് പഴയ സ്ഥലങ്ങളിലേക്ക് തിരിച്ചുപോകേണ്ടിവരും. ഇതിനകം സ്ഥലംമാറിയവര്‍ എന്ന് മടങ്ങണമെന്നതും വ്യവസ്ഥകളും സംബന്ധിച്ച വിശദാംശങ്ങള്‍ ഹയര്‍സെക്കന്‍ഡറി വകുപ്പിന്‍െറ ഉത്തരവിലൂടെ വ്യക്തമാകും. ആയിരക്കണക്കിന് അധ്യാപകരാണ് ഇതിനകം പുതിയ സ്കൂളുകളില്‍ ജോലിക്ക് കയറിയത്.
ഹയര്‍സെക്കന്‍ഡറിയില്‍ സെപ്റ്റംബര്‍ 20 തീയതിവെച്ച് ഇറക്കിയ ഉത്തരവുകള്‍ നേരത്തേ കമീഷന്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍, ഇത് മറികടന്ന് മുന്നോട്ടുപോകാനാണ് ഹയര്‍സെക്കന്‍ഡറി അധികൃതര്‍ തയാറായത്. മരവിപ്പിച്ച് ഉത്തരവിറക്കിയ ദിവസംതന്നെ രണ്ട് വിഷയങ്ങളില്‍ പുതിയ ഉത്തരവിറക്കിയാണ് കമീഷനെ പരിഹസിച്ചത്. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തി കമീഷന്‍ സര്‍ക്കാറിനെ അറിയിച്ചു. നിയമപരമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന നിലപാടിലേക്ക് കമീഷന്‍ പോയി. കമീഷനും സര്‍ക്കാറും വീണ്ടും ഏറ്റുമുട്ടലിലേക്ക് പോകുന്ന സ്ഥിതിവന്നു. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ് കമീഷണറും ആശയവിനിമയം നടത്തിയത്. സ്ഥലംമാറ്റ ഉത്തരവിലെ അതൃപ്തി കമീഷന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് നടത്തുന്നതിന് സര്‍ക്കാര്‍ പൂര്‍ണ സഹകരണം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്ഥലംമാറ്റത്തിന് തങ്ങള്‍ എതിരല്ളെന്നും എന്നാല്‍, തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്നും കമീഷന്‍ നിലപാടെടുത്തു. അതോടെയാണ് ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുന്ന ഒക്ടോബര്‍ 18 വരെ സ്ലംമാറ്റങ്ങള്‍ മരവിപ്പിച്ചത്.
വിദ്യാഭ്യാസമന്ത്രിയുമായും മുഖ്യമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന് ശേഷവും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമീഷനുമായി ആശയവിനിമയം നടത്തി. ഒന്നര ലക്ഷത്തോളം ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.