സിയാല്‍ ലാഭവിഹിതമായി 20.72 കോടി സര്‍ക്കാരിന് കൈമാറി
text_fieldsനെടുമ്പാശേരി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2014^15 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതം സംസ്ഥാന സര്‍ക്കാരിന് കൈമാറി. 20.72 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കമ്പനിയുടെ ഡയറക്ടര്‍ കൂടിയായ മന്ത്രി കെ. ബാബു, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ് കൈമാറിയത്.
2014^15 സാമ്പത്തിക വര്‍ഷത്തില്‍ 413.96 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നികുതി കിഴിച്ചുള്ള ലാഭം 144.58 കോടിയും. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം വരുമാനത്തില്‍ 14.55 ശതമാനവും ലാഭത്തില്‍ 16.25 ശതമാനവും വളര്‍ച്ച സിയാല്‍ നേടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഓഹരിയുടമകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 21 ശതമാനമാണ് ലാഭവിഹിതം നല്‍കുന്നത്. 2003^04 മുതല്‍ സിയാല്‍ മുടങ്ങാതെ ലാഭവിഹിതം നല്കിവരുന്നു. ഈ സാമ്പത്തിക വര്‍ഷത്തോടെ ഓഹരിയുടമകള്‍ക്ക് നിക്ഷേപത്തുകയുടെ 153 ശതമാനം മടക്കി നല്കാന് കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന് 32.24 ശതമാനം ഓഹരിയാണ് സിയാലിലുള്ളത്.
ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ കൊച്ചി വിമാനത്താവളത്തിലൂടെ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 64.5 ലക്ഷം പേര് യാത്ര ചെയ്തിട്ടുണ്ട്. 1100 കോടി രൂപ ചെലവില്‍ 15 ലക്ഷം ചതുരശ്ര അടി വിസതൃതിയില്‍ നിര്‍മിക്കുന്ന പുതിയ അന്താരാഷ്ര്ട ടെര്‍മിനല്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായിവരുന്നതായും സിയാല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.