മദ്യവില്പന കൂട്ടല്‍: കണ്‍സ്യൂമര്‍ഫെഡ് നീക്കം അധാര്‍മികം -ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്
text_fieldsകൊച്ചി: വരുമാനം വര്‍ധിപ്പിക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന്‍െറ വിദേശമദ്യ വില്പനശാലകളില് കച്ചവടം 25 ശതമാനം വര്‍ധിപ്പിക്കാനെടുത്ത തീരുമാനം സര്‍ക്കാറിന്‍െറ പ്രഖ്യാപിത മദ്യനയത്തിന് എതിരും അധാര്‍മികവുമാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്മാന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീന് പറഞ്ഞു. മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാനതല നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്നതിന് സ്ഥാപിതമായ കണ്‍സ്യൂമര്‍ ഫെഡിന് മദ്യവില്പനയിലൂടെ വരുമാനമുണ്ടാക്കുന്നതില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ. കൂടുതല്‍ വില്പന നടത്തുന്ന ഷാപ്പുകളിലെ ജീവനക്കാര്‍ക്ക് പ്രത്യേകം പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവും നീതീകരിക്കാനാകില്ല. മദ്യത്തില്‍നിന്നുള്ള വരുമാനം വേണ്ടെന്നുവെക്കാന്‍ തയാറാണെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍, വിദേശമദ്യ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി മദ്യവില്പന വര്‍ധിപ്പിക്കുന്ന സമീപനം എടുത്തത് ഇരട്ടത്താപ്പാണ്. മദ്യലഭ്യതയും വിതരണവും കുറച്ചുകൊണ്ടുവന്ന് ഘട്ടം ഘട്ടമായി മദ്യനിരോധം നടപ്പാക്കുകയാണ് ചെയ്യേണ്ടത്. ദേശീയപാതയോരത്തെ വിദേശമദ്യഷാപ്പുകള്‍ നിര്‍ത്തലാക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു. വിദേശമദ്യ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വ്യാപകമാക്കുന്നതിനെതിരെ സായാഹ്ന ധര്‍ണകള്‍ സംഘടിപ്പിക്കാനും ഒക്ടോബര്‍ 16ന് കൊച്ചിയില്‍ സംസ്ഥാന സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.