വിഴിഞ്ഞം: സഭക്കെതിരെ രൂക്ഷ വിമര്‍ശവുമായി സുഗതകുമാരി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കാന്‍ കുറെയധികം പണം നല്‍കി മത്സ്യത്തൊഴിലാളികളെ നിശബ്ദരാക്കുമെന്ന് സുഗതകുമാരി. ബിഷപ്പിന്‍െറ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന ഉപവാസ സമരത്തില്‍ പറഞ്ഞത് പദ്ധതിക്ക് തങ്ങള്‍ എതിരല്ളെന്നാണ്. പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നാണ് സഭ ആവശ്യപ്പെട്ടത്. അവര്‍ക്ക് പദ്ധതിയെ എതിര്‍ക്കാന്‍ കഴിയാത്തത് എന്തു കൊണ്ടാണെന്ന് വ്യക്തമാകുന്നില്ളെന്നും സുഗതകുമാരി പറഞ്ഞു. പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ ശാസ്ത്ര സാഹിത്യ പരിഷത് സംഘടിപ്പിച്ച ഗ്രീന്‍ അസംബ്ളിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
നഷ്ടപരിഹാരം എത്ര രൂപ തരുമെന്നാണ് സഭ ചോദിക്കുന്നത്. പദ്ധതിയെപ്പറ്റി പറയണ്ടെന്നാണ് അവരുടെ നിര്‍ദേശം. മത്സ്യത്തൊഴിലാളികള്‍ നഷ്ടപരിഹാരം വാങ്ങി എവിടെപ്പോയി എന്തു തൊഴില്‍ ചെയ്ത് ജീവിക്കും. ഇവിടെ സ്വാര്‍ഥ താല്‍പര്യത്തിനുവേണ്ടി മതങ്ങളെ കൂട്ടുപിടിച്ച് പരിസ്ഥിതിയെ തകര്‍ക്കുകയാണ്. ഇതൊരു മതത്തിന്‍െറ ആവശ്യമാണെന്ന് വരികയാണെങ്കില്‍ അത് നമുക്ക് താങ്ങാന്‍ കഴിയാത്ത ആഘാതമുണ്ടാക്കും. മതാധ്യക്ഷന്മാരും ഇത് മനസിലാക്കണം. വേരുകള്‍ പൊട്ടിച്ച് ദൂരേക്ക് എറിയുന്ന പാവങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്നതിനെപ്പറ്റി ഭരണാധികാരികള്‍ ചിന്തിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി അഭിമാനത്തോടെ അദാനിയോട് പറഞ്ഞത് ആവശ്യമായ വിഭവങ്ങള്‍ എത്തിക്കാമെന്നാണ്.
വിഴിഞ്ഞത്തിനായി കേരളത്തിലെ പാറക്കൂട്ടങ്ങള്‍ പൊട്ടിച്ചാല്‍ മാത്രമേ കടല്‍ നികത്താന്‍ കഴിയു. ഭൂമിയെ പോലെ കടലിന് ഇത് സഹിക്കാന്‍ കഴിയില്ല. കടലിന്‍െറ തിരിച്ചടി ശക്തമായിരിക്കും. കര കടല്‍ വിഴുങ്ങുമെന്ന് മത്സ്യത്തൊഴിലാളികള്‍ക്കും ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നിട്ടും മത്സ്യത്തൊഴിലാളികളുടെ വേരറുക്കുകയാണ്. ആരാണ് പദ്ധതിയുടെ ഗുണഭോക്താവ് എന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണം. പശ്ചിമഘട്ടത്തിന്‍െറ താളം തെറ്റിച്ചാല്‍ കേരളത്തിന് അതികഠിനമായ ദു:സ്ഥിതി നേരിടേണ്ടിവരുമെന്നും സുഗതകുമാരി വ്യക്തമാക്കി.
പാറമടക്കാരാണ് ഇപ്പോള്‍ നമ്മുടെ രാജാക്കന്മാര്‍. പശ്ചിമഘട്ടം കൈയടക്കി അടക്കിവാഴുന്നവര്‍ അവരാണ്. നിയമം അവര്‍ക്കുവേണ്ടി വളച്ചൊടിക്കുന്നു. യു.ഡി.എഫ് നെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിച്ചപ്പോള്‍ പ്രതിഷേധിക്കാന്‍ ആളുണ്ടായില്ല. നിയമസഭയില്‍ തിരിഞ്ഞ് നിന്ന് പോരാടേണ്ട പ്രതിപക്ഷം അത് നിര്‍വഹിക്കുന്നില്ല. അവര്‍ വളരെ ദുര്‍ബലമാണെന്നും സുഗതകുമാരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.