വി.എസ് പാർട്ടി വിരുദ്ധൻ ആണെന്ന പ്രമേയം നില നിൽക്കുന്നു -പിണറായി
text_fieldsതിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ പാർട്ടി വിരുദ്ധനാണെന്ന സി.പി.എം സെക്രട്ടറിയേറ്റ് പ്രമേയം നില നിൽക്കുന്നുണ്ടെന്ന് പിണറായി വിജയൻ . വാർത്താ ലേഖകരുടെ ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങിനെ മറുപടി നൽകിയത്. ആലപ്പുഴ സമ്മേളന തലേന്ന് വി.എസിനെതിരായ പാർട്ടി പ്രമേയം പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചത്. പാർട്ടി വിരുദ്ധ മനോഭാവം ഉള്ളയാൾ എന്ന് വി.എസിനെ പ്രമേയത്തിൽ വിശേഷിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് വി.എസ് സമ്മേളനം ബഹിഷ്കരിക്കുകയുണ്ടായി. ഈ പ്രമേയം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്നായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം.
പ്രമേയം നിലനിൽക്കുന്നുണ്ടെന്ന് പിണറായി മറുപടി നൽകി. പാർട്ടി തീരുമാനവും നിലപാടും നിലനിൽക്കുന്നതാണ്. ഏതെങ്കിലും ഘട്ടത്തിൽ അത് ഇല്ലാതാവുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല. മാറ്റമുണ്ടെങ്കിൽ നിങ്ങളെ അറിയിക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു. പാർട്ടി വിരുദ്ധനെ എന്തിനു സ്ഥാനാർഥിയാക്കി എന്ന ചോദ്യത്തിന് വി. എസിന്‍റെ സ്ഥാനാർഥിത്വവും പാർട്ടി പ്രമേയവും രണ്ടാണെന്നായിരുന്നു ഉത്തരം. അതു തമ്മിൽ കൂട്ടിക്കുഴക്കേണ്ട. വി.എസും സ്ഥാനാർഥി ആകണമെന്ന് പാർട്ടി തീരുമാനിച്ചതാണ്. അല്ലാതെ വി.എസ് സ്വയം തീരുമാനിച്ച് സ്ഥാനാർഥി ആയതല്ല. പിണറായി വ്യക്തമാക്കി.
പാർട്ടി നിലപാട് നില നിൽക്കുന്ന സാഹചര്യത്തിൽ വി.എസിനെതിരെ നടപടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് പാർട്ടി നന്നാകണമെന്ന ആഗ്രഹത്തോടെയല്ലല്ലോ നിങ്ങൾ ഈ ചോദിക്കുന്നതെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. ഞങ്ങൾക്ക് പാർട്ടി നന്നാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫിന്‍റെയും കോൺഗ്രസിന്‍റെയും മദ്യവിരുദ്ധത തട്ടിപ്പാണ്. മദ്യ നിരോധത്തിന്‍റെ വക്താക്കളായി അവർ അഭിനയിക്കുകയാണ്. ബാറുകൾ അടച്ചിട്ടും മദ്യം കുറഞ്ഞിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ നിരോധമില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാറുകൾ അവിടെ ഉണ്ടായിരുന്ന മ മദ്യ നിരോധം എടുത്തു കളയുകയാണ് ചെയ്തത്. മദ്യ വർജനമാണ് സി പി എമ്മിന്‍റെ നയം. മദ്യം പൂർണമായി നിരോധിക്കാൻ കഴിയില്ല. അങ്ങിനെ ചെയ്‌താൽ കെടുതികൾ ഉണ്ടാകും. 10 കൊല്ലം കൊണ്ട് മദ്യ നിരോധം കൊണ്ടു വരുമെന്നാണ് കോൺഗ്രസ് പറയുന്നത്. ഈ സഹസ്രാബ്ദം പൂർത്തിയായാലും അതു കൊണ്ടു വരാൻ അവർക്ക് കഴിയില്ല. ഈ വിഷയത്തിൽ കോൺഗ്രെസിന്‍റെയും യു.ഡി.എഫിന്‍റെയും കാപട്യം വ്യക്തമാണ്.
എൽ.ഡി.എഫ് സർക്കാർ വന്നാൽ അപ്പോൾ പ്രഖ്യാപിക്കേണ്ടതാണ് മദ്യനയം. ചാരായ നിരോധം ഞങ്ങൾ പിൻവലിക്കുമെന്ന് ആന്‍റണി അടക്കം പ്രചരിപ്പിച്ചതാണ്. എന്നിട്ട് ഞങ്ങൾ പിൻവലിച്ചോ? അടച്ച ബാറുകൾ തുറക്കില്ലെന്ന യെച്ചൂരിയുടെ പ്രസ്താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ സർക്കാർ വന്ന ശേഷം ആവശ്യമെങ്കിൽ സീതാറാം പറഞ്ഞത് അപ്പോൾ ആലോചിക്കുമെന്ന് പിണറായി പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.