വിഴിഞ്ഞം പദ്ധതി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി
text_fieldsന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയതിനെതിരെ മത്സ്യത്തൊഴിലാളികള്‍ നല്‍കിയ ഹരജികള്‍ ആറാഴ്ചക്കകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഡല്‍ഹി ബെഞ്ചിനോട് നിര്‍ദേശിച്ചു. ഹരിത ട്രൈബ്യൂണലിന്‍െറ ചെന്നൈ ബെഞ്ചില്‍നിന്ന് വിഴിഞ്ഞം കേസുകള്‍ ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിലേക്ക് മാറ്റിയ നടപടി റദ്ദാക്കണമെന്ന തുറമുഖ കമ്പനിയുടെയും കേരള സര്‍ക്കാറിന്‍െറയും ആവശ്യം തള്ളിയാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ചിന്‍െറ നടപടി. തീരനിയന്ത്രണ നിയമം അടക്കമുള്ള കാര്യങ്ങളില്‍ ഹരിത ട്രൈബ്യൂണലിന്‍െറ അധികാരം ചോദ്യംചെയ്ത്, തുറമുഖ കമ്പനിയും കേന്ദ്ര സര്‍ക്കാറും കേരളവും സമര്‍പ്പിച്ച ഹരജികള്‍ ട്രൈബ്യൂണല്‍ വിധിക്കുശേഷം പരിഗണിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെയാണോ വിഴിഞ്ഞം പദ്ധതിക്ക് അന്തിമാനുമതി നല്‍കിയതെന്ന് ഹരിത ട്രൈബ്യൂണല്‍ പരിശോധിക്കും. കേസ് അവധിക്ക് വെക്കരുതെന്നും ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ളെന്നും അവരുടെ വിധിയില്‍ ആക്ഷേപമുണ്ടെങ്കില്‍ സുപ്രീംകോടതിയിലേക്ക് വരാമെന്നും തുറമുഖ കമ്പനിക്കും സംസ്ഥാന സര്‍ക്കാറിനും ഉറപ്പുനല്‍കിയശേഷമാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 2014 ജൂലൈ 17നാണ് ട്രൈബ്യൂണലിന്‍െറ ചെന്നൈ ബെഞ്ചിന് മുമ്പാകെയുള്ള കേസുകള്‍ ഡല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ചിലേക്ക് മാറ്റിയത്. ഇതിനെതിരെ തുറമുഖ കമ്പനിയും കേന്ദ്രവും സംസ്ഥാനവും നല്‍കിയ അപ്പീലുകള്‍ പരിഗണിച്ച സുപ്രീംകോടതി 2015 ജനുവരി 21ന് ട്രൈബ്യൂണലിലെ നടപടി സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഇപ്പോള്‍ നീക്കിയത്.
തുറമുഖ കമ്പനിക്കുവേണ്ടി ഹാജരായ അഡ്വ. കെ.കെ. വേണുഗോപാല്‍, ചെന്നൈയില്‍നിന്ന് കേസ് ഡല്‍ഹിയിലേക്ക് മാറ്റിയതിനെതിരെ ബുധനാഴ്ചയും വാദം തുടരുകയായിരുന്നു. ഇതിനിടെ ഇടപെട്ട ജസ്റ്റിസ് എ.കെ. സിക്രി ആ വാദം ഉപേക്ഷിച്ച് ഹരിത ട്രൈബ്യൂണലില്‍ പോയാല്‍ പോരേയെന്ന് വേണുഗോപാലിനോട് ചോദിച്ചു. ട്രൈബ്യൂണലിലെ കേസ് എവിടെ കേള്‍ക്കണമെന്നത് ഇത്ര വലിയ വിഷയമാക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ച് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറും ഇടപെട്ടു. ‘കേസ് ചെന്നൈയിലാണോ ഡല്‍ഹിയിലാണോ എന്നത് സാധാരണക്കാരെപ്പോലെ നിങ്ങള്‍ക്ക് വിഷയമല്ലല്ളോ, അദാനിയെപ്പോലുള്ളവരല്ളേ, പവര്‍ഫുള്‍ അല്ളേ നിങ്ങള്‍, ട്രൈബ്യൂണലിന്‍േറത് അവസാന വാക്കല്ലല്ളോ’ എന്നും ടി.എസ്. ഠാകുര്‍ വേണുഗോപാലിനെ ഓര്‍മിപ്പിച്ചു. എന്നിട്ടും വേണുഗോപാല്‍ ചെന്നൈയുടെ കാര്യത്തില്‍ വാശിപിടിച്ചത് ചീഫ് ജസ്റ്റിസിന് ബോധിച്ചില്ല. എങ്കില്‍ എതിര്‍കക്ഷികള്‍ പറയുന്നതുപോലെ വിഴിഞ്ഞം തുറമുഖ നിര്‍മാണപ്രവര്‍ത്തനത്തിന് സ്റ്റേ ഏര്‍പ്പെടുത്തി ഈ വിഷയത്തില്‍ തുടര്‍ച്ചയായി വാദംകേള്‍ക്കാമെന്ന് പറഞ്ഞതോടെയാണ് വേണുഗോപാല്‍ എതിര്‍പ്പ് അവസാനിപ്പിച്ചത്. കേരളത്തിനുവേണ്ടി ഹാജരായ അഡ്വ. കൃഷ്ണന്‍ വേണുഗോപാലും സ്റ്റേ ഭയന്ന് ഇതിന് സമ്മതിച്ചു. പരിസ്ഥിതി വിഷയങ്ങള്‍ നോക്കാനുള്ളതാണ് ഹരിത ട്രൈബ്യൂണലെന്നും അവര്‍ അത് പരിശോധിക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
വിധി എതിരായാല്‍ വിഴിഞ്ഞത്തെ കടല്‍ത്തീരം പഴയ നിലയിലാക്കാമെന്ന് മുമ്പ് നല്‍കിയ ഉറപ്പ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതും കോടതിയുടെ അതൃപ്തിക്കിടയാക്കി. വിഴിഞ്ഞത്തെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് വാദംകേള്‍ക്കാന്‍ തയാറുണ്ടോയെന്ന് കോടതി കേരളത്തോടും ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.