Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കൈരളി' തള്ളിയ...

'കൈരളി' തള്ളിയ കൃഷ്ണപിള്ള സിനിമ ‘ഫ്ലവേഴ്സിൽ’

text_fields
bookmark_border
കൈരളി തള്ളിയ കൃഷ്ണപിള്ള സിനിമ ‘ഫ്ലവേഴ്സിൽ’
cancel

കോഴിക്കോട്: ‘കൈരളി ചാനല്‍’ പ്രദര്‍ശിപ്പിക്കാൻ കൂട്ടാക്കാതിരുന്ന ‘വസന്തത്തിന്‍റെ കനല്‍വഴികളില്‍’ എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി ‘ഫ്ലവേഴ്സ് ചാനല്‍’. ചിത്രത്തിന് അടുത്തിടെയുണ്ടായ പൊതുസ്വീകാര്യതയാണ് ‘ഫ്ലവേഴ്സി’നെ ആകര്‍ഷിച്ചത്. കേരളത്തിലെ ജാതി വെറിയും അതിന്‍റെ നീചമായ വ്യവസ്ഥകളും അതിനെതിരെ പി. കൃഷ്ണപിളള അടക്കമുള്ളവര്‍ ചേര്‍ന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതുമാണ് സിനിമയുടെ പ്രമേയം. മൂന്ന് തവണ റിലീസ് ചെയ്യുകയും 100 ദിവസം തീയറ്ററില്‍ ഓടുകയും ചെയ്ത സിനിമയുടെ പ്രദര്‍ശന വിജയത്തിന് വേണ്ടി സി.പി.എമ്മും ദേശാഭിമാനിയും ഒക്കെ രംഗത്തിറങ്ങിയെങ്കിലും കൈരളി ചാനല്‍ ചിത്രത്തോട് നിഷേധാത്മക നിലപാട് സ്വീകരിച്ചതായി ആക്ഷേപം ഉയർന്നിരുന്നു.

കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സമയത്താണ് ചിത്രം തീയറ്ററില്‍ എത്തിയത്. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചരണ ചിത്രമാണന്ന് കാട്ടി തെരഞ്ഞെടുപ്പ് കമീഷന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചിത്രം പിന്‍വലിച്ചു. അതിന് ശേഷം കൈരളി ചാനലില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്‍റെ സംവിധായകനും നിര്‍മാതാവുമായ അനില്‍ വി. നാഗേന്ദ്രന്‍ ചാനൽ മേധാവി ജോൺ ബ്രിട്ടാസിനെ അടക്കം നേരില്‍ കണ്ട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ചിത്രത്തിന്‍റെ രണ്ടാം റിലീസ് നടന്നത്. പിണറായി വിജയന്‍, എം.എ ബേബി, കോടിയേരി ബാലകൃഷ്ണന്‍ അടക്കം നേതാക്കളുടെ അനുഗ്രഹത്തോടെയായിരുന്നു ഇത്. മലബാറിലെ ബി. ക്ലാസ് തീയറ്ററുകളില്‍ 100 ദിവസം ഓടിയ ചിത്രത്തിന്‍റെ നൂറാംദിന ആഘോഷവും പാര്‍ട്ടി ഇടപെട്ടാണ് വലിയ ആഘോഷമാക്കി നടത്തിയത്. സിനിമയെ കുറിച്ചുള്ള ജനത്തിന്‍റെ താല്‍പര്യം കണക്കിലെടുത്ത് അടുത്തിടെ ചിത്രം മൂന്നാമതും റിലീസ് ചെയ്തു.

പാര്‍ട്ടിക്കാര്‍ക്കിടയില്‍ ആവേശം ഉണ്ടാക്കിയ പാര്‍ട്ടി സിനിമക്ക് വീണ്ടും കൈരളി വാതില്‍ കൊട്ടിയടച്ചു. ഇതിനുശേഷമാണ് ‘വസന്തത്തിന്‍റെ കനല്‍വഴികളില്‍’ ഫ്ലവേഴ്സ് ചാനല്‍ ഏറ്റെടുക്കുന്നത്. ഫ്ലവേഴ്സ് ചാനല്‍ ഈ ചിത്രം ഫെബ്രുവരി 13ന് വൈകുന്നേരം അഞ്ച് മണിക്ക് സംപ്രേഷണം ചെയ്യുന്ന വാര്‍ത്ത മാലോകരെ ഫേസ്ബുക്കിലൂടെ അറിയിച്ചത് പി.ബി അംഗം എം.എ ബേബി ആണ്. സിനിമയുടെ പ്രചാരണത്തിനുവേണ്ടി നിരവധി തവണ രംഗത്തിറങ്ങിയ ബേബി അടക്കമുള്ളവര്‍ കൈരളി ചാനലില്‍ സിനിമ ഇടാൻ ശ്രമിച്ചെങ്കിലും നടക്കാതെ പോകുകയായിരുന്നു. പാര്‍ട്ടി പടമിട്ടാല്‍ റേറ്റിങ്ങില്‍ പിന്നോട്ട് പോകുമെന്നായിരുന്നുവത്രെ കൈരളിയുടെ മറുപടി.

അതേസമയം, പരാജയപ്പെട്ട സിനിമകള്‍ പോലും ചില താല്‍പര്യങ്ങളുടെ പേരില്‍ കൈരളി കോടികള്‍ കൊടുത്ത് റൈറ്റ് വാങ്ങുന്നതായി ആരോപണമുണ്ട്. എന്തായാലും പി. കൃഷ്ണപിള്ളയുടെ ജീവിതവും സമരവും പാര്‍ട്ടി വളര്‍ച്ചയും പ്രതിപാദിക്കുന്ന സിനിമക്ക് കൈരളി അയിത്തം കല്‍പ്പിച്ചതിനെതിരെയാണ് ബേബിയുടെ ഫേസ്ബുക്ക് പ്രതികരണമെന്ന് കരുതേണ്ടിവരും.  

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കേരളീയ സമൂഹം വ്യാപകമായി ആസ്വദിച്ച വസന്തത്തിന്റെ കനൽ വഴികളിൽ എന്ന സിനിമ ഫെബ്രുവരി 13 ആം തീയതി ടെലിവിഷൻ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നു. ഫ്ലവേർസ് ടി വി ചാനലിൽ 13 നു വൈകിട്ട് 5 മണിയ്ക്കാണ് ഇതിന്റെ പ്രദർശനം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായ സാമൂഹിക അന്തരീക്ഷം കേരളത്തിൽ എങ്ങനെ ഉണ്ടായി എന്ന ചരിത്രം പുതിയ തലമുറയ്ക്ക് മനസിലാക്കി കൊടുക്കുന്ന ഒരു പാഠപുസ്തകമാണ് ഈ ചിത്രം.

സമുദ്രക്കനി, മുകേഷ്, പി.കെ മേദിനി തുടങ്ങി പ്രഗൽഭ താരങ്ങളുടെ ഒരു നിര ഉണ്ട് ഇതിൽ. അഡ്വ. അനിൽ വി നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ സംഘർഷങ്ങളും കൂട്ടക്കുരുതിയും സൃഷ്ട്ടിക്കാൻ വർഗീയ ശക്തികൾ വിഷം ചീറ്റി നിൽക്കുമ്പോൾ അതിനെതിരായി മനുഷ്യ സാഹോദര്യത്തിന്റെ സന്ദേശം ഉയർത്തുന്നവർക്ക് പ്രചോദനം പകരും ഈ സിനിമ.

നവോഥാന നായകന്മാരായ ശ്രീനാരായണഗുരുവും അയ്യങ്കാളിയും മുതൽ സഖാക്കൾ പി കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി തുടങ്ങി ഒട്ടേറെ ചരിത്ര പുരുഷന്മാർ ഈ സിനിമയിൽ കഥാപാത്രങ്ങളാണ്. നവോഥാന ചരിത്രത്തിൽ മൂല്യവത്തായ സംഭാവന നൽകിയ ഡോ.വേലുക്കുട്ടി അരയന്റെ ചെറുമകനാണ് ഈ സിനിമ നിർമിച്ച് സംവിധാനം ചെയ്തത്. ഈ സിനിമ കാണുകയും മറ്റുള്ളവരെ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത് സംസ്കാര സമ്പന്നമായ ഒരു രാഷ്ട്രീയ പ്രവർത്തനവും രാഷ്ട്രീയോന്മുഖമായ ഒരു സാംസ്കാരിക പ്രവർത്തനവുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vasanthathinte kanalvazhikalil
Next Story