പത്താൻകോട്ട് ഭീകരാക്രമണം: മൂന്ന് ജെയ്ശെ മുഹമ്മദ് തീവ്രവാദികൾ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: പത്താൻകോട്ട് ഭീകരാക്രമണം നടന്ന് 10 ദിവസങ്ങൾ പിന്നിടുമ്പോൾ മൂന്ന് ജെയ്ശെ മുഹമ്മദ് തീവ്രവാദികളെ പാകിസ്താൻ അറസ്റ്റ് ചെയ്തു. പാകിസ്താൻ ടി.വി ചാനലായ ജിയോ ടി.വിയാണ് ഇക്കാര്യം പുറത്തുവിട്ടത്. പാകിസ്താനിൽ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നതായും ചാനൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ അയക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് വ്യക്തമാക്കിയിരുന്നു.
പത്താൻകോട്ട് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പാകിസ്താൻ ഇന്ത്യക്ക് കൈമാറിയിരുന്നു. ആക്രമണത്തിന് മുമ്പ് ഭീകരവാദികൾ പാകിസ്താനിലേക്ക് വിളിച്ച ഫോൺ നമ്പറുകളാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ നൽകിയ നമ്പറുകൾ അവിടെ രജിസ്റ്റർ ചെയ്തവയല്ലെന്ന് പാക് ഉദ്യോഗസ്ഥർ പറഞ്ഞതായാണ് വിവരം.
ഇന്ത്യ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന പാകിസ്താെൻറ ഉറപ്പിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കാൻ പാകിസ്താന് കൂടുതൽ സമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നിൽ ജെയ്ശെ മുഹമ്മദാണെന്ന് നേരത്തെ ഇന്ത്യ ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.