മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണം –വി.എസ്
text_fieldsതിരുവനന്തപുരം: സർക്കാർ അധികാരത്തിൽ തുടരുന്നത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണം. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് ഗവർണർ വിട്ടു നിൽക്കണമെന്ന് വി.എസ് അഭ്യർഥിച്ചു.
കേരളം ഇന്ത്യാ രാജ്യത്തിനു മുമ്പില്‍ ലജ്ജിച്ച് തലതാഴ്ത്തേണ്ടി വന്ന ഈ ഗതികേടില്‍ എല്ലാ മലയാളികളോടുമൊപ്പം താനും ദു:ഖിക്കുന്നെന്ന് വിഎസ് പ്രസ്താവനയിൽ പറഞ്ഞു. സരിതയുടെ വെളിപ്പെടുത്തലോടെ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ജനതയുടെ മുന്നിൽ നഗ്നനായിരിക്കുകയാണ്. മുഖ്യമന്ത്രി നല്‍കിയ മൊഴിയില്‍ ഒരുവാക്കു പോലും സത്യമില്ലെന്ന് തെളിഞ്ഞിരിക്കുന്നു. 14 മണിക്കൂര്‍ കമീഷെൻറ മുമ്പാകെ നുണ പറഞ്ഞ് ലോകറെക്കാഡ് സൃഷ്ടിച്ചിരിക്കുകയാണ്. നുണകള്‍ ആവർത്തിച്ചു പറഞ്ഞ് ചരിത്രത്തില്‍ ഇടംനേടിയ ഗീബല്‍സ് ജീവിച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ മുമ്പില്‍ സ്രാഷ്്ടാംഗ പ്രണാമം നടത്തുമായിരുന്നു.
എ.ഡി.ജി.പി ഹേമചന്ദ്രെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എല്ലാ കാര്യങ്ങളും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി കമീഷന് മൊഴി നല്‍കിയ ശേഷം പറഞ്ഞത്. മുഖ്യമന്ത്രിയുടെയോ, ഉന്നതരുടെയോ പങ്കാളിത്തത്തെ സംബന്ധിച്ച് അന്വേഷിച്ചില്ല എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ തട്ടിക്കൂട്ടിയ തട്ടിപ്പു സംഘമായിരുന്നു പ്രത്യേക അന്വേഷണസംഘം എന്ന് വെളിപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണം. സരിതയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കണണ്‍മെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും വിഎസ് ആവശ്യപ്പെട്ടു.
ജനരക്ഷയാത്ര എന്ന് പേരിൽ വി.എം. സുധീരന്‍ നടത്തിക്കൊണ്ടിരിക്കുന്ന "ഉമ്മന്‍ചാണ്ടി രക്ഷായാത്ര' അവസാനിപ്പിക്കണം. കള്ളക്കൂട്ടങ്ങളുടെ കോണ്‍ഗ്രസില്‍ നിന്നുതന്നെ രാജിവെക്കുന്നു എന്നുപറഞ്ഞ് സോണിയക്ക് കത്തുനൽകാൻ സുധീരൻ ആർജവം കാണിക്കണമെന്നും വിഎസ് പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.