പട്ടാപ്പകല്‍ വയോധികയെ തലക്കടിച്ചു കൊന്നു
text_fields
കയ്പമംഗലം: വയോധികയെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്തെി. കയ്പമംഗലം പന്ത്രണ്ടിലെ കള്ളുഷാപ്പിന് കിഴക്ക് ചാണാടിക്കല്‍ പരേതനായ ബാഹുലേയന്‍െറ ഭാര്യ സുശീലയെയാണ് (70) മരിച്ച നിലയില്‍ കണ്ടത്തെിയത്. അയല്‍വാസിയായ ബന്ധു 16കാരനായ അഭിജിത്താണ് സുശീല തലക്കടിയേറ്റ് വീട്ടിനകത്തെ കിടപ്പു മുറിയോടു ചേര്‍ന്ന കുളിമുറിയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടത്. ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. ഉടന്‍ തന്നെ സമീപവാസികളെ വിളിച്ചുകൂട്ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രാവിലെ 11.30ാടെ അഭിജിത്തിനെ വിളിച്ചു വരുത്തി സുശീല കടയിലേക്ക് പറഞ്ഞയച്ചിരുന്നു. അന്നേരം ഒരാള്‍ വീട്ടുവളപ്പിലേക്ക് കയറുന്നത് അഭിജിത്ത് കണ്ടിരുന്നു. ഒരുമണിക്കൂറിന് ശേഷമാണ് അഭിജിത്ത് തിരിച്ചത്തെിയത്. വാതില്‍ തുറക്കാതായതിനെ തുടര്‍ന്ന് അഭിജിത്ത് അകത്ത് കയറി നോക്കിയപ്പോഴാണ് കിടപ്പുമുറിയോട് ചേര്‍ന്നുള്ള കുളിമുറിയില്‍ സുശീല രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. സുശീല ധരിച്ചിരുന്ന മൂന്ന് സ്വര്‍ണവളയും മാലയും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഒരു കമ്മലും മോതിരവും ദേഹത്ത് തന്നെ ഉണ്ടായിരുന്നെങ്കിലും ഒരു കമ്മല്‍ താഴെ വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു. അഭിജിത്തിന്‍െറ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയുടെ രേഖാചിത്രം തയാറാക്കി . തിരിച്ചറിയല്‍ പരേഡ് നടത്തിയതില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.