കലക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് എം.പിയുടെ പരാതി
text_fieldsകോഴിക്കോട്: ജനപ്രതിനിധിയായ തന്നെ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തതെന്ന് ചൂണ്ടിക്കാട്ടി എം.കെ. രാഘവന്‍ എം.പി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതിപ്പെട്ടു. പരാതി ഗൗരവമായി കാണുമെന്നും സംഭവം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി രാഘവന്‍ മാധ്യമത്തോട് പറഞ്ഞു.
എം.പി ഫണ്ട് വിനിയോഗത്തെ ചൊല്ലി ഇരുവര്‍ക്കും ഇടയില്‍ ഉയര്‍ന്ന തര്‍ക്കത്തിനൊടുവില്‍ എം.പിയെ കൊച്ചാക്കുന്ന വിധത്തില്‍ കലക്ടര്‍ ഇറക്കിയ പത്രക്കുറിപ്പും ഫേസ്ബുക്കില്‍ എം.പിയെ പരിഹസിച്ചു ഇട്ട പോസ്റ്റുകളുമാണ് തിരക്കിട്ട് തിരുവനന്തപുരത്തെത്തി പരാതി നല്‍കാന്‍ ഇടയാക്കിയത്. മുഖ്യമന്ത്രിക്ക് പുറമെ ചീഫ് സെക്രട്ടറിക്കും രേഖാമൂലം പരാതി നല്‍കിയതായി രാഘവന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റുകളുടെ കോപ്പി പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.
എം.പി ഫണ്ട് പദ്ധതികളില്‍ തന്റേതു മാത്രം കലക്ടര്‍ വൈകിപ്പിക്കുകയാണെന്ന് രാഘവന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഏതെങ്കിലും പദ്ധതിയില്‍ പുനഃപരിശോധന വേണമെങ്കില്‍ അതു എം.പിയെ കൂടി അറിയിക്കണമെന്നാണ് ചട്ടം. അതു കലക്ടര്‍ ചെയ്തിട്ടില്ല. കലക്ടര്‍ വിളിച്ച അവലോകന യോഗത്തില്‍ താന്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയിട്ടില്ല. എന്നാല്‍ താന്‍ ഭീഷണിപ്പെടുത്തിയതായി പ്രതീതി സൃഷ്ടിക്കും വിധം കലക്ടര്‍ പത്രക്കുറിപ്പ് നല്‍കി. തന്റെ എം.പി ഫണ്ട് പദ്ധതികളുടെ ഫയല്‍ രണ്ടു മൂന്നു മാസമായി പിടിച്ചു വെച്ചിരിക്കുകയാണ്. പരിശോധന കൂടാതെ ഏതെങ്കിലും കരാറുകാരന് ബില്ല് പാസ്സാക്കി കൊടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇതു സംബന്ധിച്ചു കലക്ടര്‍ കള്ളപ്രചാരണം നടത്തുകയാണെന്നും രാഘവന്‍ വ്യക്തമാക്കി. പൊതുജന സേവകനായ കലക്ടര്‍ ജനപ്രതിനിധിയോട് പെരുമാറേണ്ടതു ഇങ്ങനെയല്ല. കലക്ടര്‍ മാപ്പു പറയണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു തന്നെ അപമാനിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റ ചട്ടം കലക്ടര്‍ ലംഘിച്ചതായും രാഘവന്‍ പരാതിയില്‍ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.