ദേശീയപാത വികസനം: ഭൂമിയേറ്റെടുക്കലിന് കേന്ദ്രം ഇളവ് നൽകിയെന്ന് മുഖ്യമന്ത്രി
text_fieldsന്യൂഡല്‍ഹി: ദേശീയപാത വികസനത്തിന് 60 ശതമാനം ഭൂമി ഏറ്റെടുക്കുന്ന മുറക്ക് പണി തുടങ്ങുന്നതിന് വ്യവസ്ഥ ഇളവുചെയ്യാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. 80 ശതമാനം ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുന്ന മുറക്കു മാത്രം ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുകയെന്നതാണ് നിലവിലെ നയം.
ഭൂമി ഏറ്റെടുക്കുന്നതില്‍ കേരളത്തിനുള്ള പ്രയാസങ്ങള്‍ പരിഗണിച്ച് കേന്ദ്രം നല്‍കിയ ഇളവ് കേരളത്തിന് ആശ്വാസമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. 60 മീറ്റര്‍ വീതിയുണ്ടെങ്കില്‍ മാത്രമേ ദേശീയപാതാ വികസനം സാധ്യമാവൂ എന്ന വ്യവസ്ഥ കേരളത്തിന്‍െറ കാര്യത്തില്‍ 45 മീറ്ററാക്കിയതുപോലെ ആശ്വാസപ്രദമാണ് കേന്ദ്രം ഇപ്പോള്‍ സ്വീകരിച്ച നിലപാടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയപാതാ വികസനത്തില്‍ കേരളം പിറകിലാണ്. പാത വികസിപ്പിക്കുന്നതില്‍ പണം തടസ്സമാവില്ളെന്ന് ഗഡ്കരി ഉറപ്പുനല്‍കിയിട്ടുണ്ട്. സ്വീകാര്യമായ പാക്കേജ് നടപ്പാക്കാന്‍ കേരളത്തോട് പൂര്‍ണമായും സഹകരിക്കും. സമയബന്ധിതമായി എന്‍.എച്ച് വികസനം നടപ്പാക്കുന്നതിന് കേരളം പ്രതിജ്ഞാബദ്ധമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.
പാതകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനു പുറമെ, അതിനു മുകളില്‍ റബറൈസ്ഡ് ടാറിങ് നടത്തുന്ന കാര്യവും കേന്ദ്രം പരിഗണിക്കും. റബര്‍ വിലത്തകര്‍ച്ചകൂടി മുന്‍നിര്‍ത്തിയാണ് ഈ വാഗ്ദാനം. സ്പീഡ് ബ്രേക്കറിന് റബറൈസ്ഡ് ബിറ്റുമിന്‍ ഉപയോഗിക്കുന്ന കാര്യവും പഠിക്കും. കനത്ത മഴയുള്ള പ്രദേശമാണെന്നിരിക്കേ, കേരളത്തില്‍ അറ്റകുറ്റപ്പണിക്ക് കൂടുതല്‍ പണം അനുവദിക്കണമെന്ന അഭ്യര്‍ഥന പരിശോധിക്കാമെന്നും വാഗ്ദാനമുണ്ട്. എന്‍.എച്ച് 17, 47 എന്നിവ നാലു പാക്കേജുകളിലായി വികസിപ്പിക്കുന്നതിന്‍െറ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍റിനെ നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ള പാക്കേജുകള്‍ക്ക് 10 ദിവസത്തിനകം നിയമനം പൂര്‍ത്തിയാക്കും. കണ്ണൂര്‍, കൊയിലാണ്ടി ബൈപാസുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. വികസന സങ്കല്‍പം കേരളത്തില്‍ വിവാദമായി തീരുന്നതായി തനിക്ക് തോന്നുന്നില്ളെന്ന് ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. നേരേചൊവ്വേ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയാറായാല്‍ ജനം സഹകരിക്കും. ഏതിനും ചില്ലറ എതിര്‍പ്പുകള്‍ കാണും. അത് ഗൗരവത്തില്‍ എടുക്കേണ്ടതില്ല.
ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും മറ്റും ഉദാര സമീപനം സ്വീകരിക്കേണ്ടിവരും. എന്‍.എച്ച് വികസനത്തിന് ഭൂമി ഏറ്റെടുത്തേ തീരൂ. അതുവഴി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുണ്ടാവുന്ന പ്രയാസം ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് ഇത്തരം ഘട്ടത്തില്‍ വേണ്ടത്. വികസനത്തിന്‍െറ കാര്യത്തില്‍ രാഷ്ട്രീയ ഭേദം വിഷയമല്ല. ചരക്കു സേവന നികുതി സമ്പ്രദായം കൊണ്ടുവരുന്നതിനോട് സംസ്ഥാനത്തിന് യോജിപ്പാണെന്നും പിണറായി പറഞ്ഞു. പാര്‍ലമെന്‍റില്‍ പക്ഷേ, സി.പി.എം ചില എതിര്‍പ്പുകള്‍ പറഞ്ഞിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പുതിയ സര്‍ക്കാറില്‍നിന്ന് ഭരണ പരിഷ്കാര നടപടികള്‍ പ്രതീക്ഷിക്കാം.സര്‍വിസ് സംഘടനകളോട് പകപോക്കല്‍ രീതി ഉണ്ടാവില്ല. അവതാര ശല്യത്തെക്കുറിച്ച ചോദ്യത്തിന്, കാര്യങ്ങള്‍ കൃത്യതയോടെ നീങ്ങുന്നതിനൊത്ത് മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് പിണറായി മറുപടി നല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.