കുവൈത്തില്‍ മൂന്ന് മലയാളികള്‍ക്ക് വധശിക്ഷ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് കേസില്‍ മൂന്നു മലയാളികള്‍ക്ക് വധശിക്ഷ. മയക്കുമരുന്ന് കടത്തുകയും വില്‍പനക്കായി കൈവശംവെക്കുകയും ചെയ്ത കേസില്‍ മലപ്പുറം ചീക്കോട് വാവൂര്‍ മാഞ്ഞോട്ടുചാലില്‍ ഫൈസല്‍ (33), പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുസ്തഫ ഷാഹുല്‍ ഹമീദ് (41), കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (21) എന്നിവര്‍ക്കാണ് ജഡ്ജി മുതീബ് അല്‍ആദിരിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ കോടതി (ഫസ്റ്റ് കോര്‍ട്ട്) ബെഞ്ച് വധശിക്ഷ വിധിച്ചത്.
ഫൈസല്‍ ഒന്നാം പ്രതിയും മുസ്തഫ ഷാഹുല്‍ ഹമീദ് മൂന്നാം പ്രതിയും അബൂബക്കര്‍ സിദ്ദീഖ് നാലാം പ്രതിയുമാണ്. ഇവരോടൊപ്പം രണ്ടാം പ്രതിയായ ശ്രീലങ്കന്‍ സ്വദേശിനി സുക്ലിയ സമ്പത്തിനെയും (40) തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടുണ്ട്. എത്രയുംവേഗം പരിഗണിക്കാന്‍ നിര്‍ദേശിച്ച് കേസ് ക്രിമിനല്‍ കോടതി അപ്പീല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ കേസ് അപ്പീല്‍ കോടതി പരിഗണിക്കുമെന്നാണ് സൂചന.
2015 ഏപ്രില്‍ 19നാണ് ഇവരില്‍നിന്ന് നാലു കിലോയിലധികം ഹെറോയിന്‍ പിടികൂടിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികളിലൊരാളില്‍നിന്ന് കസ്റ്റംസ് വിഭാഗം മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. ഇയാളില്‍നിന്ന് വിവരം കിട്ടിയതിന്‍െറ അടിസ്ഥാനത്തില്‍ ജലീബ് അല്‍ശുയൂഖിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നും ബാക്കി മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
രാജ്യത്ത് 1964 മുതല്‍തന്നെ വധശിക്ഷ നടപ്പാക്കിയിരുന്നുവെങ്കിലും മയക്കുമരുന്ന് കടത്തും വില്‍പനയും അതിന് തക്കതായ കുറ്റങ്ങളായി പരിഗണിച്ചിരുന്നില്ല. എന്നാല്‍, രാജ്യത്ത് മയക്കുമരുന്ന് കടത്തലും ഉപയോഗവും തകൃതിയായതോടെ 1997 മേയില്‍ വരുത്തിയ ഭേദഗതി പ്രകാരം ഈ കുറ്റത്തിനും വധശിക്ഷ വിധിച്ചുതുടങ്ങി. ഇതുവരെ 10 പേര്‍ മയക്കുമരുന്ന് കേസില്‍ തൂക്കിലേറ്റപ്പെട്ടിട്ടുണ്ട്. 2006 ജൂലൈ 11ന് തൂക്കിലേറ്റപ്പെട്ട ശകറുല്ല അന്‍സാരിയാണ് മയക്കുമരുന്ന് കേസില്‍ വധശിക്ഷക്ക് വിധേയനായ ഏക ഇന്ത്യക്കാരന്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.