കലാഭവന്‍ മണിക്ക് കടുത്ത കരള്‍ രോഗം
text_fieldsചാലക്കുടി: ഞായറാഴ്ച വൈകീട്ട് അന്തരിച്ച ചലച്ചിത്ര നടന്‍ കലാഭവന്‍ മണിക്ക് കടുത്ത കരള്‍ രോഗം ഉണ്ടായിരുന്നുവെന്ന് പ്രാഥമിക നിഗമനം. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് ലിവര്‍ സിറോസിസ് രോഗം മൂര്‍ധന്യ നിലയിലായിരുന്നുവെന്ന് തെളിഞ്ഞത്. അതേസമയം, രക്തത്തിലെ മെഥനോള്‍ സാന്നിധ്യം ഉറപ്പിക്കാന്‍ രാസ പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. ഇതിനു വേണ്ടി സാമ്പിളുകള്‍ കൊച്ചി കാക്കനാട്ടെ ലാബിലേക്ക് അയച്ചു. അദ്ദേഹത്തിന്‍െറ ശരീരത്തില്‍ മിഥൈല്‍ ആല്‍ക്കഹോളിന്‍െറ അംശം കണ്ടത്തെിയതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കടുത്ത കരള്‍ രോഗം ഉണ്ടായിരിക്കെ മദ്യപിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
മണിയും സുഹൃത്തുക്കളും ഏറ്റവും ഒടുവില്‍ മദ്യപിച്ച ചാലക്കുടി പുഴയോരത്തെ മണിയുടെ പാഡി എന്ന ഒൗട്ട് ഹൗസ് പൊലീസ് സീല്‍ ചെയ്തു. ചാലക്കുടി ഡി..വൈ.എസ്.പി കെ.എസ് സുദര്‍ശനാണ് കേസ് അന്വേഷിക്കുന്നത്. ഇടുക്കിയിലെ നടനടക്കം അഞ്ചു പേരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു.
മൃതദേഹം പോസ്റ്റ് മോര്‍ടം ചെയ്ത തൃശൂര്‍ മെഡിക്കല്‍ കോളജ് പരിസരത്തും പൊതുദര്‍ശനത്തിന് വെച്ച സംഗീത നാടക അക്കാദമിയിലും വലിയ ജനക്കൂട്ടം അന്തിമോപചാരം അര്‍പ്പിക്കാനത്തെി. ചാലക്കുടിയില്‍ വൈകുന്നേരം ആറു വരെ ഹര്‍ത്താലാണ്. മണിയുടെ വസതിയിലത്തെിച്ച മൃതദേഹം അഞ്ചു മണിക്കു ശേഷം സംസ്കരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.