പി.സി ജോർജിനെ സി.പി.എം കൈവിട്ടു; പൂഞ്ഞാർ ജനാധിപത്യ കേരളാ കോൺഗ്രസിന്
text_fieldsതിരുവനന്തപുരം: പൂഞ്ഞാർ സീറ്റ് കേരളാ കോൺഗ്രസ് ഫ്രാൻസിസ് ജോർജ് വിഭാഗത്തിന് നൽകാൻ സി.പി.എം തയാറായതോടെ സിറ്റിങ് എം.എൽ.എയും മുൻ ചീഫ് വിപ്പുമായ പി.സി ജോർജിനെ ഇടതു മുന്നണി കൈവിട്ടെന്ന് ഉറപ്പായി. കെ.എം മാണിയുമായി തെറ്റിപ്പിരിഞ്ഞ് കേരളാ കോൺഗ്രസ് വിട്ട ജോർജ് ഇതോടെ യു.ഡി.എഫിലും എൽ.ഡി.എഫിലും ഇല്ലാത്ത അവസ്ഥയായി. സ്വതന്ത്രനായി പൂഞ്ഞാറിൽ മത്സരിക്കാനുള്ള സാധ്യത ആരായുകയാണ് ജോർജ് . അവസാന നിമിഷം വരെ ഇടതു സ്ഥാനാർഥിയായി മത്സരിക്കാൻ കഴിയുമെന്ന പ്രതീക്ഷ പുലർത്തിയിരുന്ന ജോർജിന് രാഷ്ട്രീയ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്.
പിണറായി വിജയൻ അടക്കം മുതിർന്ന നേതാക്കളെ അധിക്ഷേപിക്കുകയും നെയ്യാറ്റിൻകര എം.എൽ.എ ശെൽവരാജിനെ കൂറു മാറ്റിച്ച് ഉമ്മൻചാണ്ടി സർക്കാരിനു മുതൽ കൂട്ടി കൊടുക്കുകയും ചെയ്തതടടക്കം വിവാദ നടപടികളാണ് ജോർജിനെ ഉൾക്കൊള്ളുന്നതിൽ സി.പി.എമ്മിന് തടസ്സമായത്. തനിക്കു പൂഞ്ഞാർ നൽകാമെന്ന് കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും വാക്ക് തന്നിട്ടുണ്ടെന്നു ജോർജ് വെളിപ്പെടുത്തുകയും കാത്തിരിക്കുകയും ചെയ്തു. എന്നാൽ ഒരാൾ വിചാരിച്ചാൽ സീറ്റ് കൊടുക്കാൻ കഴിയില്ലെന്ന് കൊടിയേരി പ്രതികരിച്ചതോടെ ജോർജിന്‍റെ കാര്യം സി.പി.എമ്മിൽ തീരുമാനിക്കപ്പെട്ടതായി പൊതുവിൽ കരുതിയിരുന്നു.
തിങ്കളാഴ്ച കാലത്ത് എ.കെ.ജി സെന്‍ററിൽ നടന്ന അവസാന വട്ട സീറ്റ് വിഭജന ചർച്ചയിലാണ് പൂഞ്ഞാർ ജനാധിപത്യ കേരളാ കോൺഗ്രസിന് നൽകാമെന്ന് സി.പി.എം സമ്മതിച്ചത്. പുറമേ, തിരുവനന്തപുരം, ചങ്ങനാശ്ശേരി, ഇടുക്കി സീറ്റുകളും നൽകും. പൂഞ്ഞാറിൽ പി.സി ജോസഫ്, തിരുവനന്തപുരത്ത് ആന്‍റണി രാജു, ചങ്ങനാശ്ശേരിയിൽ ഡോ. കെ സി ജോസഫ് , ഇടുക്കിയിൽ ഫ്രാൻസിസ് ജോർജ് എന്നിവരായിരിക്കും സ്ഥാനാർഥികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.