മലപ്പുറത്ത് ഇടഞ്ഞ ആന പാപ്പാനെ കൊന്നു
text_fieldsപുലാമന്തോൾ: മലപ്പുറത്ത് ഉൽസവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞ് പാപ്പാനെ കൊന്നു. ഇന്ന് രാവിലെ പത്തു മണിയോടെ ആണ് സംഭവം. പുലാമന്തോൾ പാനൂർ ആലഞ്ചേരി ക്ഷേത്രത്തിലെ ഉൽസവത്തിന് കൊണ്ടു വന്ന തൃശൂർ വടക്കുംനാഥൻ ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. മല്ലപ്പള്ളി കോട്ടയം ബി.പി അനിൽ (44) ആണ് ദാരുണമായി മരിച്ചത്.

രാവിലെ തായമ്പക മേളം കഴിഞ്ഞ് ആളുകൾ പിരിഞ്ഞുപോയപ്പോഴാണ് ആന ഇടഞ്ഞത്. തൊട്ടടുത്തു നിന്നിരുന്ന പാപ്പാനെ തട്ടിവീഴ്ത്തി രണ്ട് കൊമ്പുകൾക്കിടയിൽ വെച്ച് മസ്തകം കൊണ്ട് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടുത്തുണ്ടായിരുന്ന സ്ത്രീ അലമുറയിട്ട് ആളുകളെ അറിയിച്ചു. തൊട്ടടുത്ത തൊടിയിലേക്ക് ഒാടിക്കയറിയ ആന വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. കാറുകളും ബൈക്കുകളും അടക്കം 50തോളം വാഹനങ്ങൾ തകർത്തു. മൂന്നു വെള്ള ടാങ്കുകൾ തകർത്ത ആന വെള്ളം കോരി ദേഹത്തൊഴിക്കുന്നുമുണ്ടായിരുന്നു. ചൂടും ദാഹവും കാരണമാവാം ആന ഇടഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്. ഏറെ സാഹസപ്പെട്ടാണ് ഒടുവിൽ ആനയെ തളച്ചത്.


Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.