അഞ്ചാം മന്ത്രിയും കൂടുതൽ വകുപ്പുകളും വേണമെന്ന് സി.പി.ഐ
text_fieldsതിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന് സി.പി.ഐ അവകാശവാദം. ഇന്നു ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് അഞ്ചാമതൊരു മന്ത്രി കൂടി ആവശ്യപ്പെടാൻ തീരുമാനിച്ചത്. 2006ലെ വി.എസ് അച്യുതാനന്ദൻ സർക്കാറിലെ വകുപ്പുകൾക്ക് പിന്നാലെ ജലസേചനം, പൊതുമരാമത്ത് വകുപ്പുകൾ കൂടി ലഭിക്കണം. പാർട്ടിയുടെ ആവശ്യങ്ങൾ ഞായറാഴ്ച ചേരുന്ന ഇടതു മുന്നണി യോഗത്തെ അറിയിക്കാനും ധാരണയായി.
പുതിയ സർക്കാറിലെ മന്ത്രിമാരായി ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍, കെ. രാജു, ഇ.എസ്. ബിജിമോള്‍, കെ. രാജന്‍, പി. തിലോത്തമൻ, മുഹമ്മദ് മുഹ്സിൻ എന്നിവരുടെ പേരുകളാണ് സി.പി.ഐ പരിഗണിക്കുന്നത്.
വി.എസ് സർക്കാറിൽ നാല് മന്ത്രിമാരാണ് സി.പി.ഐക്ക് ഉണ്ടായിരുന്നത്. കെ.പി രാജേന്ദ്രൻ (റവന്യൂ), ബിനോയ് വിശ്വം (വനം-വന്യജീവി), സി. ദിവാകരൻ (ഭക്ഷ്യ-പൊതുവിതരണം), മുല്ലക്കര രത്നാകരൻ (കൃഷി) എന്നിവർ.
ജലസേചനം, പൊതുമരാമത്ത് എന്നിവ 2006ൽ എൽ.ഡി.എഫ് ഘടകകക്ഷികളായിരുന്ന ആർ.എസ്.പിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും വഹിച്ച വകുപ്പുകളാണ്. എന്നാൽ, രണ്ട് പാർട്ടികളും എൽ.ഡി.എഫ് വിട്ട സാഹചര്യത്തിലാണ് ഈ വകുപ്പുകളിൽ സി.പി.ഐ അവകാശവാദം ഉന്നയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.