കാർ തടഞ്ഞ് മലപ്പുറം സ്വദേശികളിൽനിന്ന് 27.50 ലക്ഷം കവർന്നതായി പരാതി
text_fieldsകോയമ്പത്തൂർ: പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് മലപ്പുറം സ്വദേശികളിൽ നിന്ന് 27.50 ലക്ഷം രൂപ കവർന്നതായി പരാതി.
ബംഗളൂരുവിൽനിന്ന് വരുകയായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശികളായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ അബ്ദുൽ സലാം (50), ഡ്രൈവർ എ. ഷംസുദ്ദീൻ (42) എന്നിവരാണ് ആക്രമണത്തിനിരയായത്. വെള്ളിയാഴ്ച പുലർച്ച നാലോടെ നവക്കര നന്ദി കോവിലിന് സമീപം കാറിെൻറ പിറകിൽ ഒരു വാഹനം വന്നിടിക്കുകയായിരുന്നത്രെ. തുടർന്ന് അബ്ദുസലാമും ഷംസുദ്ദീനും പുറത്തിറങ്ങിയപ്പോഴാണ് രണ്ട് വാഹനങ്ങളിൽനിന്നിറങ്ങിയ അഞ്ചംഗ സംഘം ആക്രമണം നടത്തിയത്.
പിന്നീട് ഇവർ കാറുമായി കേരളത്തിലേക്ക് കടന്നു. മർദനമേറ്റ് അവശനിലയിലായിരുന്ന ഇരുവരും പിന്നീട് അതുവഴി വന്ന വാഹനങ്ങളിൽ കയറി കെ.ജി ചാവടി പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.
മലപ്പുറത്തെ ജ്വല്ലറിയുടമയായ മുഹമ്മദ് അലി എന്നയാളാണ് അബ്ദുൽസലാമിനെയും ഷംസുദ്ദീനെയും ബംഗളൂരുവിലേക്ക് പണം കൊണ്ടുവരാനയച്ചതെന്ന്് പറയുന്നു. പ്രതികളെ പിടികൂടാൻ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി ജില്ല റൂറൽ പൊലീസ് സൂപ്രണ്ട് അരുളരസു അറിയിച്ചു.
പണ ഇടപാടുമായി ബന്ധെപ്പട്ട് മുഹമ്മദ് അലിയെയും ചോദ്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തട്ടിക്കൊണ്ടുപോയ വാഹനം കോയമ്പത്തൂർ ശിരുവാണി റോഡിൽ മാതംപട്ടിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വിരലടയാള വിദഗ്ധ സംഘം പരിശോധന നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.