കേരളത്തിൽ റേഷൻ വാങ്ങുന്നത് 2946 ഇതരസംസ്ഥാനക്കാർ
text_fieldsമലപ്പുറം: ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് റേഷൻ വാങ്ങുന്നത് 2946 ഇതര സംസ്ഥാനക്കാർ. മലപ്പുറം ജില്ലയിലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നവർ കൂടുതൽ- 571 പേർ. രണ്ടാംസ്ഥാനത്ത് ഇടുക്കിയും മൂന്നാമത് കാസർകോടുമുണ്ട്. ‘ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി’ പ്രകാരം എൻ.എഫ്.എസ്.എ (നാഷനൽ ഫുഡ് സെക്യൂരിറ്റി ആക്ട്) ഗുണഭോക്താക്കൾക്ക് രാജ്യത്തെ ഏതു റേഷൻകടകളിൽനിന്നും ബയോമെട്രിക് സംവിധാനത്തിലൂടെ സാധനങ്ങൾ വാങ്ങാം.
ഈ സംവിധാനം പ്രയോജനപ്പെടുത്തിയാണ് സ്വദേശത്തെ കാർഡുപയോഗിച്ച് ഇതരസംസ്ഥാനക്കാർ കേരളത്തിലെ റേഷൻകടകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നത്. കേന്ദ്ര സർക്കാർ സൗജന്യ റേഷൻ നൽകുന്ന അന്ത്യോദയ (മഞ്ഞ), മുൻഗണന (ചുവപ്പ്) കാർഡുടമകൾക്കു മാത്രമാണ് അന്തർ സംസ്ഥാന പോർട്ടബിലിറ്റിയിലൂടെ ഇതരസംസ്ഥാനങ്ങളിൽ റേഷൻ വാങ്ങാൻ അനുവാദമുള്ളൂ. ഇത്തരത്തിൽ സംസ്ഥാനത്തെ റേഷൻകടകളെ ആശ്രയിക്കുന്നവരിൽ ഭൂരിപക്ഷവും അതിഥി തൊഴിലാളികളാണെന്ന് സിവിൽ സൈപ്ലസ് അധികൃതർ പറയുന്നു. റേഷൻ വാങ്ങുന്ന ഇതര സംസ്ഥാനക്കാരിൽ കൂടുതൽ ബിഹാറുകാരാണ്.
സിവിൽ സൈപ്ലസ് വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ ഫെബ്രുവരിയിൽ 1141 ബിഹാറുകാരാണ് കേരളത്തിലെ കടകളിൽനിന്ന് റേഷൻ വാങ്ങിയത്. ഈ വിഭാഗത്തിൽ രണ്ടാംസ്ഥാനത്ത് തമിഴ്നാടാണ്. 584 തമിഴ്നാട് സ്വദേശികളാണ് സംസ്ഥാനത്ത് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നത്. തൊട്ടുപിന്നിലായി ഝാർഖണ്ഡ്-305, മധ്യപ്രദേശ്-297, കർണാടക-281, പശ്ചിമബംഗാൾ-198, മഹാരാഷ്ട്ര-81 എന്നിവയുമുണ്ട്. ആന്ധ്ര, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, തെലങ്കാന സ്വദേശികളായ ചുരുക്കം പേരും ഇവിടെനിന്ന് റേഷൻ വാങ്ങുന്നു.
ഏകദേശം എല്ലാ ജില്ലകളിലും റേഷൻകടകളെ ആശ്രയിക്കുന്നവരിൽ ഭൂരിപക്ഷവും ബിഹാർ സ്വദേശികളാണ്. മലപ്പുറത്താണ് റേഷൻ വാങ്ങുന്ന ബിഹാറുകാരും (283 പേർ) തമിഴ്നാട് സ്വദേശികളും (167) കൂടുതൽ. റേഷൻ വാങ്ങുന്ന ഝാർഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനക്കാർ കൂടുതൽ ഇടുക്കി ജില്ലയിലാണ്. 158 ഝാർഖണ്ഡുകാരും 216 മധ്യപ്രദേശുകാരും 84 ബംഗാളുകാരും ഇടുക്കിയിലെ കടകളിൽനിന്ന് റേഷൻ വാങ്ങുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.